നാട് അകലെയെങ്കിലും ഓണം ഹൃദയത്തോട് ചേർത്ത് പ്രവാസികൾ

തിരുവനന്തപുരം : ചിങ്ങം പിറന്നതോടെ വിപുലമായ ഓണാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് പ്രവാസി മലയാളികൾ. നാട്ടിലെ ഓണം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് അവസാനിക്കുമ്പോൾ പ്രവാസികൾക്ക് ഓണമെന്നാൽ ചിങ്ങമാസം മുതൽ ക്രിസ്മസ് വരെയാണെന്ന് പൊതുവെ പറയാറുണ്ട്. ചിങ്ങമാസത്തിലെ വെള്ളിയാഴ്ചകളും ഞായറാഴ്ചകളും ഓണാഘോഷത്തിനായി മാറ്റിവക്കുന്നവരാണ് പ്രവാസി മലയാളികൾ. കേരളത്തനിമ ഒട്ടും ചോർന്നുപോകാതെ പൊന്നോണത്തെ വരവേൽക്കാൻ പ്രവാസി മലയാളി കൂട്ടായ്മകൾ ഒരുങ്ങിക്കഴിഞ്ഞു.
ഇത്തവണ തിരുവോണം പ്രവൃത്തി ദിവസമായതിനാൽ ഒഴിവു ദിവസമാണ് പ്രവാസികർ ഓണാഘോഷത്തിനായി മാറ്റിവെക്കുന്നത്. പൂക്കളം വരക്കാനും ആയിരങ്ങൾ മുടക്കി പൂക്കൾ വാങ്ങാനും പൂക്കളമൊരുക്കാനുമൊക്കെയായി ഓണമാഘോഷിക്കുന്നതിൽ പ്രവാസികളാണ് മുന്നിൽ.
പുലിക്കളി, മാവേലി, വടംവലി, തിരുവാതിര, വഞ്ചിപ്പാട്ട്, ശിങ്കാരിമേളവുമൊക്കെയായി നാട്ടിലെ പോലെ തന്നെ കേമമായാണ് വിദേശ നാടുകളിൽ മലയാളികൾ ഓണമാഘോഷിക്കുന്നത്. യുകെയിലും, യുഎസിലും, ഗൾഫ് നാടുകളിലും, ഓസ്ട്രേലിയയിലുമൊക്കെയുള്ള മലയാളി കൂട്ടായ്മകൾ ഓണത്തിരക്കുകളിലാണ്. ആഗസ്ത് 28ന് നബിദിനമായതിനാൽ യുഎഇയിൽ പൊതു അവധിയാണ്. ഈ ദിവസവും ഗംഭീര ഓണപ്പരിപാടികൾ ഗൾഫ് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുണ്ടാവും.
അന്യനാട്ടിലായാലും സദ്യക്ക് പച്ചക്കറിയും വാഴയിലയുമൊക്കെ വേണം. വൻ തോതിലാണ് വാഴയില കണ്ടെയ്നറുകളിലും വിമാനമാർഗവും ഓണക്കാലത്ത് കയറ്റി അയക്കുന്നത്. പച്ചക്കറികളും പഴങ്ങളും ഇത്തരത്തിൽ ടൺ കണക്കിനാണ് ഇറക്കുമതി ചെയ്യുന്നത്. പച്ചക്കറികളും, പഴങ്ങളും, പൂക്കളും, വാഴയിലയും, വാഴപ്പഴവുമൊക്കെയായി രണ്ടായിരത്തിലധികം ടൺ സാധനങ്ങളാണ് ഗൾഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കുമെത്തുന്നത്.
നാട്ടിൽ നിന്ന് എത്ര അകലെയാണെങ്കിലും കേരളീയ തനിമയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമാണ് പ്രവാസികൾക്ക്. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങുമ്പോൾ തന്നെ ഓണക്കോടി വാങ്ങിവരുന്നവരുമുണ്ട്. ലോകത്തിന്റെ എല്ലാ കോണിലും മലയാളികളുള്ളത് കൊണ്ടുതന്നെ വസ്ത്രക്കടകളെല്ലാം ഓണത്തിനായി ഒരുങ്ങും. നാട്ടിലേക്കാൾ ആവേശത്തോടെയും ഒരുക്കത്തോടെയുമാണ് ഓണമാഘോഷിക്കാൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.
പ്രവാസികൾക്ക് ഓണമെന്നാൽ വെറുമൊരു ആഘോഷമല്ല ഓർമകളിലേക്കുള്ള മടക്കമാണ്. അതിർത്തികൾക്കും ദേശങ്ങൾക്കും അതീതമായി നന്മയുടെയും സ്നേഹത്തിന്റെയും പ്രവാസികളുടെ ഓണം മാറുന്നു. സ്നേഹവും ഒരുമയും കൊണ്ട് പ്രവാസികളൊരുക്കുന്ന ഓണാഘോഷത്തിന് ഏഴഴകാണ്.










0 comments