കോൺഗ്രസിന്റേത് അധാർമിക സമീപനം : പ്രകാശ് കാരാട്ട്

സീതാറാം യെച്ചൂരി നഗർ (കൊല്ലം ആശ്രാമം മൈതാനം) : കേന്ദ്രം കേരളത്തെ കടന്നാക്രമിക്കുമ്പോൾ കോൺഗ്രസും യുഡിഎഫും ബിജെപിയുമായി കൈകോർക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയനേട്ടത്തിനായി മൗനം പാലിക്കുകയാണ് കോൺഗ്രസ്. അതിന് വലിയ വിലകൊടുക്കേണ്ടി വരും. അധാർമിക സമീപനം ജനം തിരിച്ചറിയും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.
ഹിന്ദുത്വശക്തികളുടെ കടന്നാക്രമണം പ്രതിരോധിക്കാനും ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കാനും എൽഡിഎഫ് സർക്കാരും സിപിഐ എമ്മും നിർണായക പങ്കുവഹിക്കുന്നു. വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതിനൊപ്പം ബദൽവികസനപാത നടപ്പാക്കാൻ ശ്രമിച്ചതുമാണ് എൽഡിഎഫ് സർക്കാരിനെ രണ്ടാമതും അധികാരത്തിലെത്തിച്ചത്. ഇത് മനസ്സിലാക്കിയാണ് കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നത്. ഈ സമീപനത്തിന് എതിരെ ശക്തമായ പ്രതിരോധം തീർക്കണം.
വീണ്ടും അധികാരത്തിലെത്തിയ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഹിന്ദുത്വ, നവഉദാരവൽക്കരണ നയങ്ങളിൽനിന്ന് ഒട്ടും പിന്മാറിയില്ല. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ദുർബലപ്പെടുത്തുന്ന അമിതാധികാരപ്രവണതകൾ പഴയതിലും തീവ്രമായി. സിപിഐ എമ്മിന്റെ 24ാം കോൺഗ്രസ് പുതിയ പ്രതിരോധങ്ങളുടെ ശക്തമായ അജൻഡ നിശ്ചയിക്കും. കേരളത്തിലെ സിപിഐ എം ഐക്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമായി മാറി. സംഘടനാപരമായും രാഷ്ട്രീയപരമായുമുള്ള ഐക്യമാണത്. ഭാവിയിലെ മുഴുവൻ വെല്ലുവിളികളെയും നേരിടാൻ പാർടി കൂടുതൽ ശക്തി നേടിയെന്നും കാരാട്ട് പറഞ്ഞു.









0 comments