print edition സ്‌ട്രോങ്ങാണ് കേരളത്തിലെ ട്രാൻസ്‌ഫോർമറുകൾ


സ്വാതി സുജാത
Published on Apr 30, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ട്രാൻസ്‌ഫോർമറുകൾ കത്തിനശിക്കുന്നത് പതിവാകുമ്പോൾ, അറ്റകുറ്റപ്പണികളിലെ കൃത്യതയും സാങ്കേതിക മികവുംകൊണ്ട് പ്രതിസന്ധിയെ മറികടന്ന് കേരളം. രാജ്യത്ത് വർഷം 1.3 ദശലക്ഷം ട്രാൻസ്‌ഫോർമറുകളാണ് നശിക്കുന്നത്. ആകെ ട്രാൻസ്‌ഫോർമറുകളുടെ 10 ശതമാനമാണിത്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശം 20 ശതമാനത്തിന് മുകളിലാണ്. എന്നാൽ, കേരളത്തിൽ 0.43 ശതമാനം മാത്രം.
വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും വൈദ്യുതി നഷ്ടം കുറയ്ക്കാനും സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി വിതരണത്തിനുമായി നിരവധി പ്രവർത്തനങ്ങളാണ് കെഎസ്‌ഇബി നടപ്പാക്കിയത്. നിലവിൽ ഒരു ലക്ഷത്തോളം ട്രാൻസ്‌ഫോർമറുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 20,000 എണ്ണവും പത്തുവർഷത്തിനുള്ളിൽ സ്ഥാപിച്ചവയാണ്. 15,000 കിലോമീറ്റർ 11 കെവി ലൈനും 34,000 കിലോമീറ്റർ എൽടി ലൈനും നിർമിച്ചു. മൂന്നു ലക്ഷം കിലോമീറ്റർ ലോ ടെൻഷൻ വിതരണലൈനുകളിൽ 217 ലക്ഷം സ്‌പേസറുകൾ സ്ഥാപിച്ചു.
തകരാറിലായത് 180 ട്രാൻസ്‌ഫോർമർ
വേനൽക്കാല വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത് ട്രാൻസ്‌ഫോർമറുകളിൽ അമിതഭാരം (ഓവർലോഡ്) ഉണ്ടാക്കുന്നുണ്ട്. രണ്ടുമാസത്തിനകം 180 ട്രാൻഫോർമറുകളാണ് തകരാറിലായത്. 2024 ഏപ്രിലിൽ 296, മേയിൽ 271 എന്നിങ്ങനെയായിരുന്നു കണക്ക്. ട്രാൻസ്-ഫോർമറുകൾ തകരാറിലാകുന്നതിന്റെ നിരക്ക് കുറയ്‌ക്കാനുള്ള നടപടികൾക്കൊപ്പം കാലപ്പഴക്കമുള്ളവ മാറ്റുന്നുമുണ്ട്. കത്തിനശിച്ചാൽ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ അവ മാറ്റിസ്ഥാപിക്കും. ദീർഘകാല പദ്ധതിയുടെ ഭാഗമായി 1500 ട്രാൻസ്‌ഫോർമർ ഉടൻ സ്ഥാപിക്കും.










0 comments