print edition വെളിച്ചം കെടുത്തി സർക്കാർ; വെൈദ്യുതിമുടക്കം പതിവ്

എഐ പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Sep 07, 2026, 01:00 AM | 1 min read
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ വെൈദ്യുതിമുടക്കം പതിവായതോടെ ജനജീവിതം ദുസ്സഹം. പകൽ സമയത്തടക്കം ഒരു മണിക്കൂർവരെ വൈദ്യുതി നിലയ്‌ക്കുന്നു; മുന്നറിയിപ്പില്ലാതെ രാപകൽ പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും. നാലുദിവസമായി തുടരുന്ന ലോഡ്‌ഷെഡിങ്ങിനെതിരെ ശനിയാഴ്‌ച രാത്രി നാട്ടുകാർ കൊച്ചിയിലെ വൈറ്റില കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി.
ആശുപത്രികൾ, നിർമാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം താളംതെറ്റി. വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ ലോഡ്‌ഷെഡ്ഡിങ് എന്നുമാത്രമാണ് കെഎസ്‌ഇബി അറിയിപ്പ്. എപ്പോൾ, എത്രനേരം വൈദ്യുതി മുടങ്ങുമെന്ന് വ്യക്തതയില്ല. ഒരുമണിക്കൂർ മുന്പെങ്കിലും അറിയിപ്പ് നൽണമെന്ന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ നിർദേശവും പാലിക്കുന്നില്ല.
രാജ്യവ്യാപക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് അനങ്ങാതിരിക്കുകയാണ് സർക്കാർ. സെപ്‌തംബറിലേക്ക് പുതിയ വൈദ്യുതി കരാർ ഉറപ്പാക്കിയിട്ടുമില്ല.
കഴിഞ്ഞദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉൽപ്പാദനം 26 ദശലക്ഷം യൂണിറ്റും. കേന്ദ്ര ഗ്രിഡിൽനിന്ന് 12,000 മെഗാവാട്ടിന്റെ ലഭ്യതക്കുറവുണ്ട്. കൽക്കരിക്ഷാമം കാരണം താപനിലയങ്ങൾ വൈദ്യുതി ഉൽപ്പാദനം കുറച്ചത് വിനയായെന്നും വാദമുണ്ട്. താപനിലയങ്ങളിൽ സംഭരിക്കേണ്ട കൽക്കരിയുടെ അളവ് വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്രനയവും പ്രയാസമുണ്ടാക്കുന്നു.










0 comments