അതിദാരിദ്ര്യമുക്ത കേരളം: കേരളത്തിന് ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാമായി നാളെ പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും പദ്ധതിക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഈ നേട്ടം ചർച്ച ചെയ്യപ്പെട്ടു. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഗൗരവത്തോടെയാണ് പദ്ധതിയെ കണ്ടത്.
നാളെ സർക്കാരിന് മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനത്തിനും അഭിമാന നിമിഷമാണ്. കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ തദ്ദേശസ്ഥാപനങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചു. എന്നാൽ ചില വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നു. പദ്ധതിയുടെ ക്രെഡിറ്റ് മോദിക്കാണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. എഅങ്ങനെയാണെങ്കിൽ ഇന്ത്യയെ മുഴുവൻ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവർ ഏറ്റെടുക്കാൻ തയ്യാറാകണം എന്ന് മാത്രമാണ് പറയാനുള്ളത്.
പദ്ധതി ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല. 2021 തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ഒന്നാമത്തെ തീരുമാനമാണിത്. പിന്നീട് വിശദ മാർഗരേഖ പുറത്തിറക്കി. അത് വായിച്ചിരുന്നെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കില്ലായിരുന്നു. ആരാണ് അതിദരിദ്രർ എന്ന് നിർണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉൾപ്പെട്ടത്. അതിദാരിദ്ര്യം നിർമാർജനം ചെയ്തു എന്നാണ് അവകാശവാദം. ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ലെന്നും മന്ത്രി വ്യക്തമാക്കി.










0 comments