സർക്കാർ സഹായിക്കും; അതിദരിദ്ര കുടുംബങ്ങൾക്ക് ജപ്‌തിയിൽനിന്ന് കരുതൽ


റഷീദ് ആനപ്പുറം
Published on Jul 11, 2025, 02:29 PM | 2 min read
തിരുവനന്തപുരം: ജപ്‌തി ഭീഷണിയിൽ കഴിയുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് താങ്ങാകാൻ സർക്കാർ. ഇതിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങി ജപ്‌തിയുടെ വക്കിൽനിൽക്കുന്ന അതിദരിദ്രരുടെ പട്ടിക തദ്ദേശഭരണ വകുപ്പ് തയ്യാറാക്കും.
കടബാധ്യതയുണ്ടെന്ന് കണ്ടെത്തിയ 12,326 അതിദരിദ്ര കുടംബങ്ങളിൽ വിദശമായ സർവെ നടത്തിയാകും പട്ടിക തയ്യാറാക്കുക. പ്രഥമികമായി 300 കുടുംബങ്ങളിൽ റാൻഡം സർവെ നടത്തിയിരുന്നു. ഇതിൽ 102 കുടുംബങ്ങൾക്ക് മാത്രമാണ് കടബാധ്യതയുള്ളതെന്ന് സർവെയിൽ കണ്ടെത്തിയത്. ജപ്‌തി ഭീഷണി നേരിടുന്നത് ആറുപേരും( 5.9 ശതമാനം ).
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിന് പ്രഖ്യാപിക്കും. അതിന്റെ ഭാഗമായി അതിദരിദ്ര കുടുംബങ്ങൾക്കായി സർക്കാർ മൈക്രോപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അതിദരിദ്രരിൽ 12,326 കുടുംബങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്‌പ എടുത്തവരാണ്. ഇതിൽനിന്നാണ് റാൻഡം സർവെക്കായി 300 കുടംബങ്ങളെ തെരഞ്ഞെടുത്ത്.
ചോദ്യാവലി തയ്യാറാക്കി ജില്ലാ ആസൂത്രണ ഓഫീസർമാരാണ് സർവെ നടത്തിയത്. സർവെയിൽ പങ്കെടുത്തവരിൽ 123 പുരുഷൻമാരും 177 സ്‌ത്രീകളുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ആരും സർവെയിൽ ഉൾപെട്ടിരുന്നില്ല. 214 കുടുംബങ്ങൾ ഗ്രാമപഞ്ചായത്തുകളിൽനിന്നാണ്. എസ്‌സി വിഭാഗത്തിൽനിന്ന് 66 പേരും എസ്‌ടി വിഭാഗത്തിൽനിന്ന് 20 പേരും ഉണ്ട്. ഈ സർവെയിൽ 102 കുടുംബങ്ങൾക്ക് മാത്രമാണ് കടബാധ്യതയുള്ളതായി കണ്ടെത്തിയത്.
ചികിത്സ, വീട് നിർമാണം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവക്കാണ് പലരും വായ്‌പ എടുത്തത്. സർവെപ്രകാരം സഹകരണ ബാങ്കുകളിൽനിന്നാണ് കൂടുതൽ പേരും വായ്‌പ എടുത്തത്. 33 കുടുംബങ്ങൾ. കുടുംബശ്രീപോലുള്ള മൈക്രോ ഫിനാൻസ് സംരംഭങ്ങളിൽനിന്ന് 26 കുടുംബങ്ങളും സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളിൽനിന്ന് 12 കുടുംബങ്ങളും വാണിജ്യ ബാങ്കുകളിൽനിന്ന് 13 കുടുംബങ്ങളും വായ്‌പ എടുത്തു. വീട് പണിക്കും പുനരുദ്ധരണത്തിനുമാണ് കൂടുതൽ കുടുംബങ്ങൾ (26) വായ്‌പ എടുത്തത്. വിവാഹ ആവശ്യത്തിന് ഏഴ് കുടുംബങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് നാല് കുടുംബങ്ങളും ആശുപത്രി ചെലവിനായി 24 കുടുംബങ്ങളും വായ്‌പ എടുത്തു. ഇതിൽ 20 കുടുംബങ്ങൾ തുകയൊന്നും തിരിച്ചടച്ചിട്ടില്ല. എട്ട് കുടുംബങ്ങളാണ് തുക പൂർണമായും തിരിച്ചടച്ചത്.
സർവെ നടത്തിയ അതിദരിദ്ര കുടുംബങ്ങൾ ജില്ല തിരിച്ച്
ജില്ല | കടുംബങ്ങൾ | ശതമാനം |
തിരുവനന്തപുരം | 48 | 16 |
കൊല്ലം | 27 | 9 |
പത്തനംതിട്ട | 9 | 3 |
ആലപ്പുഴ | 18 | 6 |
കോട്ടയം | 4 | 1.33 |
ഇടുക്കി | 19 | 6.33 |
എറണാകുളം | 30 | 10 |
തൃശൂർ | 26 | 8.67 |
പാലക്കാട് | 25 | 8.33 |
മലപ്പുറം | 31 | 10.33 |
കോഴിക്കോട് | 24 | 8 |
വയനാട് | 13 | 4.33 |
കണ്ണൂർ | 17 | 5.67 |
കാസർകോട് | 9 | 3 |









0 comments