ad
Deshabhimani

print edition കോഴിത്തീറ്റവില കുതിക്കുന്നു; 
ഓണക്കാലത്ത്‌ ചിക്കൻ പൊള്ളും

Chicken.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കോഴിക്കോട്‌: സംസ്ഥാനത്ത്‌ കോഴിത്തീറ്റവില സർവകാല റെക്കോഡിൽ കുതിക്കുന്നു. ഒരുമാസത്തിനിടെ 500 രൂപയാണ്‌ കൂടിയത്‌. ഒരു ചാക്ക്‌ കോഴിത്തീറ്റ ഫാമിൽ എത്തുമ്പോഴേയ്ക്ക്‌ 2500 രൂപയാകും. വില ഇനിയും കുതിച്ചാൽ കോഴിവളർത്തലുമായി മുന്നോട്ട്‌ പോകാൻ കർഷകർക്കാവില്ല. ഇ‍ൗ രംഗത്ത്‌ കുത്തകകൾ ചുവടുറപ്പിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ്‌ കർഷകരുടെ ആശങ്ക.


ചോളം, തവിട്‌, മൊളാസിസ്‌, മെയ്‌സ്‌, കപ്പലണ്ടി, കപ്പ പൊടിച്ചത്‌ തുടങ്ങിയവ അടങ്ങിയ കോഴിത്തീറ്റയാണ്‌ ഫാമുകളിൽ ഉപയോഗിക്കുന്നത്‌. കോഴിക്കുഞ്ഞുങ്ങളെ 40 ദിവസത്തോളം വളർത്തിയാണ്‌ കർഷകർ വിൽപ്പനയ്ക്കെത്തിക്കുന്നത്‌. ഇക്കാലയളവിൽ മൂന്ന്‌ കിലോ തീറ്റ നൽകിയാൽ വളർച്ചയെത്തിയ കോഴിക്ക്‌ രണ്ട്‌ കിലോ വരെ തൂക്കമുണ്ടാകുമെന്നാണ്‌ കണക്ക്‌.


എന്നാൽ, കോഴിത്തീറ്റയുടെ ഗുണനിലവാരത്തിൽ കുറവ്‌ വന്നതോടെ പ്രതീക്ഷിക്കുന്ന തൂക്കമുണ്ടാകുന്നില്ലെന്ന്‌ കർഷകർ പരാതിപ്പെടുന്നു. ഇത്‌ ചെലവ്‌ വർധിപ്പിക്കുന്നു. അതിനിടെ വിലയിലും വൻ വർധനയുണ്ടാകുന്നതാണ്‌ കർഷകരെ വലയ്ക്കുന്നത്‌. ഒരുമാസംമുമ്പ്‌ വരെ 2000 മുതൽ 2020 വരെയായിരുന്നു കോഴിത്തീറ്റയ്ക്ക്‌ വില.


ഒരുമാസത്തിനിടെ ഇത്‌ 2500ൽ എത്തി നിൽക്കുകയാണ്‌. ഇത്രയും മുതൽമുടക്കിൽ ലാഭകരമാകില്ലെന്ന്‌ കണ്ട്‌ പലരും മേഖലയിൽനിന്ന്‌ പിന്തിരിയുകയാണ്‌. പകരം വൻകിട കമ്പനികളാണ്‌ കടന്നുവരുന്നത്‌. കമ്പനി നൽകുന്ന കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി നൽകിയാൽ തുച്ഛമായ കമീഷൻ മാത്രമാകും കർഷകർക്ക്‌ ലഭിക്കുക.


അഞ്ച്‌ ലക്ഷത്തിലധികം ആളുകളാണ്‌ സംസ്ഥാനത്ത്‌ പ്രത്യക്ഷമായും പരോക്ഷമായും കോഴികൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നത്‌.


​ഓണവിപണിയെ ബാധിക്കും


കോഴിത്തീറ്റയ്ക്ക്‌ ക്രമാതീതമായി വിലവർധിക്കുന്നത്‌ ഓണവിപണിയെ കാര്യമായി ബാധിക്കുമെന്ന്‌ കച്ചവടക്കാർ പറയുന്നു. മുതൽമുടക്കാനില്ലാതെ പലരും പുതിയ ബാച്ച്‌ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തയ്യാറാകുന്നില്ല. ഇത്‌ വിപണിയിൽ ചിക്കൻക്ഷാമം രൂക്ഷമാക്കും.


നിലവിൽ 250 രൂപയാണ്‌ ഒരു കിലോ കോഴിയിറച്ചിക്ക്‌ വില. സാഹചര്യങ്ങളിൽ മാറ്റമില്ലെങ്കിൽ ചിക്കൻ വില 400 വരെ എത്തിയേക്കാമെന്നും കച്ചവടക്കാർ പറയുന്നു.


​കോഴിക്കുഞ്ഞുങ്ങളുടെ വിലയിലുണ്ടായ വർധനയുടെ ഒരു പ്രയോജനവും കോഴിക്കർഷകർക്ക് ലഭിക്കുന്നില്ല. നിരവധി കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുകയോ ഉൽപ്പാദനം ഗണ്യമായി കുറയ്ക്കുകയോ ചെയ്യുകയാണ്‌. പ്രശ്നത്തിന്‌ പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണം. – എസ്‌ കെ നസീർ ഓൾ കേരള പ‍ൗൾട്രി ഫെഡറേഷൻ ജന. സെക്രട്ടറി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home