കോഴിക്കോടിന് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ അതൃപ്തി; ലീഗ് ഹൗസിന് മുൻപിൽ കരിങ്കൊടിയും പോസ്റ്ററും

മുസ്ലിം ലീഗ് ഹൗസിന് മുമ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററും കരിങ്കൊടിയും (Photo: Screengrab)
കോഴിക്കോട്: 'ആറിൽ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത്, കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിന് യോഗ്യതയെന്ത്' മുസ്ലിം ലീഗ് ഹൗസിന് മുമ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വാചകങ്ങളാണ് ഇത്. കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാതെ അവഗണിച്ചതിലുള്ള പ്രതിഷേധമാണ് പോസ്റ്റർ പതിപ്പിച്ചതിന് പിന്നിൽ. പോസ്റ്ററിനൊപ്പം കരിങ്കൊടി കൂടി നാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഐഎൻടിയുസിയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജയന്തും ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ലയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം വെട്ടുകയായിരുന്നു. അഞ്ച് കോൺഗ്രസ്, ആറ് ലീഗ്, ഒരു സ്വതന്ത്ര പ്രതിനിധിയുമായി ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വിജയം ജില്ലയിൽ നിന്ന് നേടിക്കൊടുത്തിട്ടും ഒരു മന്ത്രി പോലും ഇല്ലാത്തതാണ് പ്രവർത്തകരിൽ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
മുസ്‍ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരാണ് സഭയിലെത്തുക. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, കെ എം ഷാജി, പികെ ബഷീർ, വി ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുല്ല ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു.










0 comments