print edition വോട്ടെടുപ്പ് ദിവസം അവധി നൽകാതെ തപാൽ വകുപ്പ്; ജീവനക്കാർ ആശങ്കയിൽ


സ്വന്തം ലേഖകൻ
Published on Apr 06, 2026, 04:45 AM | 1 min read
തിരുവനന്തപുരം : തപാൽ വകുപ്പിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം അവധി നൽകാതെ കേന്ദ്രസർക്കാർ.ഇതോടെ ഭൂരിഭാഗം പേർക്കും വോട്ടുചെയ്യാനാകാത്ത സാഹചര്യമാണ്. മാർച്ച് 19 ന് രാത്രി ജീവനക്കാർക്ക് പോസ്‌റ്റൽ വോട്ട് ചെയ്യാൻ നിർബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസം അവധിയായിരുന്നു. 22 വരെയായിരുന്നു ഫോം 12 ഡി വഴി പോസ്‌റ്റൽ ബാലറ്റിന് അപേക്ഷിക്കാനുള്ള സമയം. നിയമപ്രകാരം പോളിങ് ദിനത്തിൽ ജീവനക്കാർക്ക് ശന്പളത്തോടുകൂടി അവധി നൽകേണ്ടത് നിർബന്ധമാണ്. തെരഞ്ഞെടുപ്പ് കമീഷൻ മാർച്ച് 16നുള്ള കത്തിലും ഇൗ വ്യവസ്ഥ ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരള സർക്കിളിൽ മുഴുവൻ ജീവനക്കാരെയും പോസ്റ്റൽ ബാലറ്റിലേക്ക് തള്ളിവിടുന്നത് നിയമവിരുദ്ധവും ജനാധിപത്യാവകാശത്തിന് വിരുദ്ധവുമാണ്.
മുൻ നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം തപാൽ വകുപ്പ് ഓഫീസുകൾക്ക് അവധി നൽകിയിരുന്നു. അവശ്യ സേവനങ്ങൾ മാത്രം ക്രമീകരിച്ച് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കിയിരുന്നു. പലർ ജീവനക്കാർക്കും നാട്ടിലാണ് വോട്ട്. ജോലിസ്ഥലത്ത് വാടകയ്‌ക്കായിരിക്കും താമസിക്കുന്നത്. കേരളത്തിലെ തപാൽ മേഖലയിൽ ബിജെപി അനുകൂല സംഘടനയ്‌ക്ക് നാമമാത്ര അനുയായികൾ മാത്രമാണ് ഉള്ളത്. ഇതാണ് അവധി അനുവദിക്കാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് (സിസിജിഇഡബ്ല്യു) സംസ്ഥാന കമ്മിറ്റി ഡിഒപിടിക്കും കേന്ദ്ര ഇലക്ഷൻ കമീഷനും കത്ത് അയച്ചിട്ടുണ്ട്.
ജീവനക്കാരുടെ വോട്ടവകാശം സംരക്ഷിക്കണം
തപാൽ ജീവനക്കാരുടെ വോട്ടവകാശം ഏതു വിധേനയും സംരക്ഷിക്കപ്പെടണമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് (സിസിജിഇഡബ്ല്യു) സംസ്ഥാന ജനറൽസെക്രട്ടറി ജി ആർ പ്രമോദ് ആവശ്യപ്പെട്ടു. പല ജില്ലകളിലായി പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വ്യക്തിഗതമായി വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments