പോസ്‌റ്റ്‌ ഓഫീസുകളും സ്‌മാർട്ടാകുന്നു ; ഇടപാടുകൾ ഡിജിറ്റലാകും

post office digitalisation
വെബ് ഡെസ്ക്

Published on Jul 05, 2025, 12:37 AM | 1 min read


കൊച്ചി

സുരക്ഷിത ഡിജിറ്റൽ പണമടവ്‌ സംവിധാനം ഏർപ്പെടുത്തുന്നത്‌ ഉൾപ്പെടെ ഐടി അടിസ്ഥാനസൗകര്യങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്‌ച തിരുവനന്തപുരം, എറണാകുളം, തലശേരി ഹെഡ്‌ ഓഫീസിന്‌ കീഴിലുള്ള പോസ്‌റ്റ്‌ ഓഫീസ്‌ സേവനങ്ങൾ മുടങ്ങും. മേയിൽ രാജ്യത്ത്‌ തുടക്കമിട്ട ഐടി റോൾഔട്ട്‌ 2.0 എന്ന ദൗത്യത്തിന്റെ ഭാഗമായാണ്‌ പരിഷ്‌കരണം. ഇതുവഴി സ്‌റ്റാമ്പ്‌ ഇടപാട്‌, പാഴ്‌സൽ ബുക്കിങ്, ബാങ്കിങ് തുടങ്ങിയ എല്ലാ പോസ്‌റ്റ്‌ ഓഫീസ്‌ സേവനങ്ങളും ആഗസ്‌തോടെ ഡിജിറ്റലാകും.


പോസ്‌റ്റ്‌ ഓഫീസ്‌ കൗണ്ടറുകളിൽ സ്റ്റാറ്റിക് ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാട്‌ നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. ഐടി റോൾഔട്ട്‌ 2.0ലൂടെ സുരക്ഷിതമായ ഡൈനാമിക് ക്യുആർ കോഡ് സംവിധാനമാണ്‌ നടപ്പാക്കുന്നത്‌. ഇതിൽ ഓരോ ഇടപാടിനും തൽസമയം ഓരോ ക്യൂആർ കോഡാകും ലഭ്യമാകുക. യുപിഐ വഴിയുള്ള ഇടപാടുകളൊന്നും ഇപ്പോൾ പോസ്‌റ്റ്‌ഓഫീസ്‌വഴിയില്ല. ആഗസ്‌തോടെ യുപിഐ ഇടപാട്‌ ആപ്പിലൂടെയും ഓൺലൈൻ പേയ്‌മെന്റുകൾ നടത്താനാകും. തപാൽ തരംതിരിക്കൽ, ഉപഭോക്‌തൃ പരാതിപരിഹാരം എന്നിവയ്‌ക്ക്‌ നിർമിതബുദ്ധി സാധ്യതകൾ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്‌. പോസ്‌റ്റൽ സേവനങ്ങളെ ഡിജി ലോക്കർ, ഉമാങ് തുടങ്ങിയ സർക്കാർ പ്ലാറ്റ്‌ഫോമുകളുമായും ബന്ധിപ്പിക്കും.


ഏഴിന്‌ ആരംഭിക്കുന്ന അപ്‌ഗ്രേഡിങ് നടപടികൾ മൂന്നുദിവസം നീളും. ഇന്ത്യ പോസ്‌റ്റ്‌ സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറുകളിലേക്കാണ്‌ മാറ്റം. 21 ന്‌ കേരളത്തിലെ മറ്റ്‌ ഹെഡ്‌ ഓഫീസുകൾക്ക്‌ കീഴിലുള്ള പോസ്‌റ്റ്‌ ഓഫീസ്‌ സേവനങ്ങൾ മുടങ്ങും.

മൂന്നുമാസമെടുത്ത്‌ ഏഴുഘട്ടങ്ങളായാണ്‌ സംസ്ഥാനങ്ങൾതോറും ഡിവിഷൻ സർക്കിൾ തലത്തിൽ പരിഷ്‌കരണം പൂർത്തിയാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home