ad
Deshabhimani

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത: മത്സ്യബന്ധനത്തിന് വിലക്ക്

rain image v k abhijith

ഫോട്ടോ: വി കെ അഭിജിത്

വെബ് ഡെസ്ക്

Published on Oct 24, 2025, 08:52 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും ( ഒറ്റപ്പെട്ട ശക്തമായ മഴ ) പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


കേരള തീരത്ത് ഇന്ന് മുതൽ ഞായർ വരെയും കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരങ്ങളിലും അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ എത്രയും വേഗം ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിർദേശിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കർണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദവുമായി ചേർന്നുവെന്നും ബംഗാൾ ഉൾക്കടലിൽ വീണ്ടും രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇവയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home