ad
Deshabhimani

print edition പോഷൺ അഭിയാനിൽ കേന്ദ്ര കുടിശ്ശിക 140 കോടി; നടപടി സ്വീകരിക്കാതെ സംസ്ഥാനവും

Poshan Abhiyaan
avatar
ആരതി ബി എസ്‌

Published on Jul 04, 2026, 01:19 AM | 1 min read

തിരുവനന്തപുരം: കുട്ടികളുടെയും ഗർഭിണികളുടെയും പോഷകാഹാര നിലവാരം ഉയർത്താനെന്ന പേരിൽ കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ‘പോഷൺ അഭിയാൻ’ പദ്ധതിയിൽ പേരിനുപോലുമില്ല പോഷണം. ​ഗർഭകാലത്ത് പോഷകാഹാരം ലഭിച്ചില്ലെന്നും മുലപ്പാൽ കുറഞ്ഞതിനാൽ കുഞ്ഞിന് തിളപ്പിച്ചാറിയ വെള്ളമാണ്‌ നൽകുന്നതെന്നും കൊല്ലം അച്ചൻകോവിലിലെ ദമ്പതിമാർ പറഞ്ഞത്‌ പദ്ധതി പരാജയമാണെന്നാണ് വ്യക്തമാക്കുന്നത്‌.


ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരിലെ വിളർച്ചയും പോഷകാഹാരക്കുറവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിലാണ്‌ കേന്ദ്രത്തിന്റെ വെട്ട്‌. പദ്ധതിയിൽ കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ്‌ വിഹിതമെടുക്കുന്നത്‌. ​2023–24 സാമ്പത്തിക വർഷം കേരളം ചോദിച്ച 89.79 കോടി രൂപയിൽ ഒരു പൈസപോലും കേന്ദ്രം അനുവദിച്ചിരുന്നില്ല. 2024–25ൽ 51.91 കോടി രൂപ അംഗീകരിച്ചതിൽ 45.65 കോടി മാത്രമാണ് നൽകിയത്. 2025–26ൽ 62.49 കോടി രൂപ അംഗീകരിച്ചതിൽ നൽകിയത് 9.37 കോടിയും. 149.17 കോടിയോളം രൂപയുടെ കുടിശ്ശികയാണ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വരുത്തിയത്.

മുൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കേന്ദ്ര ഫണ്ട്‌ നൽകാതിരുന്നപ്പോൾ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ്‌ പദ്ധതി മുന്നോട്ട്‌ കൊണ്ടുപോയത്‌. കുടിശ്ശികയുടെ കൃത്യമായ കണക്ക്‌ നൽകിയിട്ടും കേന്ദ്രം ഫണ്ട്‌ അനുവദിച്ചില്ല. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം ഫണ്ട്‌ ലഭ്യമാക്കാനുള്ള നടപടി കൈകൊണ്ടിട്ടില്ല.


കേരളത്തിലെ 33,120 അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും ബാധിക്കുന്നതാണിത്‌. മാസത്തിൽ രണ്ട് വീതം പോഷകാഹാര ക്ലാസ്‌ എടുക്കുന്ന ഇനത്തിൽ മാത്രം 36.32 കോടിയിലധികം രൂപ കുടിശ്ശികയാണ്‌. ജീവനക്കാർക്ക് നൽകേണ്ട ഇൻസെന്റീവ് ഇനത്തിലെ 24.28 കോടി രൂപയും തടഞ്ഞുവച്ചിരിക്കുന്നു.


പോഷകാഹാര വിതരണം, കുട്ടികളുടെ വളർച്ച നിരീക്ഷണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ പരിപാടികൾ എന്നിവ നിലച്ചതിനൊപ്പം വളർച്ചാ നിരീക്ഷണ ഉപകരണങ്ങൾ, ജീവനക്കാർക്ക്‌ വിവരശേഖരണത്തിനായുള്ള സ്‌മാർട്ട്‌ഫോണുകൾ എന്നിവ വാങ്ങാനും ഫണ്ടില്ലാത്തത്‌ പ്രവർത്തനം താറുമാറാക്കി. പല അങ്കണവാടി ജീവനക്കാരും കൈയിൽനിന്ന്‌ തുക മുടക്കിയാണ്‌ ഫോൺ ചാർജ്‌ ചെയ്‌ത്‌ ഉപയോഗിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home