print edition ആകാശംതൊട്ടേ നിൽക്കാം മഞ്ഞലയിൽ നീരാടാം

പൊന്മുടിയിലെത്തിയ സന്ദർശകരുടെ വാഹനങ്ങൾ
ബിമൽ പേരയം
Published on May 11, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ആകാശം തൊട്ട്, മഞ്ഞലയിൽ മുങ്ങിനടക്കാൻ വിളിക്കുന്നുണ്ട് പൊന്മുടി. കയറിപ്പോന്നോളൂ, മനസ്സും ശരീരവും തണുപ്പിച്ച് വേദനകളും സംഘർഷങ്ങളും ഇത്തിരിനേരം മാറ്റിനിർത്താം. മൺസൂൺ കാലാവസ്ഥയിലേക്ക് മാറിത്തുടങ്ങിയ പൊന്മുടിയുടെ വശ്യചാരുതയിലലിയാൻ നൂറുകണക്കിന് സഞ്ചാരികൾ എത്തിത്തുടങ്ങി.
അവധി ദിവസങ്ങളായ ശനിയും ഞായറുമായി 10,051 പേരാണ് ഇവിടെയെത്തിയത്. 3200 വാഹനമെത്തി. വാഹന പാസ്, സന്ദർശക പാസ് എന്നിവയിലായി 6.20 ലക്ഷം രൂപ വനംവകുപ്പിന് വരുമാനമായി ലഭിച്ചു. തലസ്ഥാന നഗരിയിൽനിന്ന് 61 കിലോമീറ്റർ ദൂരമേയുള്ളൂ. കൊടിയ വേനലിലും നഗരംവിട്ട് കല്ലാർ കടന്ന് ഗോൾഡൻ വാലിയിൽ എത്തുന്പോഴേക്കും ചെറിയ തണുപ്പ് തുടങ്ങും. ഹൈറേഞ്ച് യാത്രയിൽ വഴിയിലിറങ്ങി അരുവികളും ചെറുവെള്ളച്ചാട്ടങ്ങളും കണ്ട് 22 ഹെയർപിൻ വളവ് പിന്നിട്ടാൽ മലമുകളിലെത്താം. പത്തുവർഷംമുന്പ് ഇടിഞ്ഞുപൊളിഞ്ഞു കിടന്ന റോഡെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിലേക്കുയർന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ല.
രാത്രിയിൽ തങ്ങണമെന്നുള്ളവർക്ക് സർക്കാരിന്റെ ഗസ്റ്റ്‌ഹൗസ് ബുക്ക് ചെയ്യാം. അടുത്തായി കെടിഡിസി റസ്‌റ്റ് ഹൗസുണ്ട്. കുളച്ചിക്കരയിൽ പൊതുമരാമത്തിന്റെ റസ്‌റ്റ് ഹൗസുമുണ്ട്. ഗസ്‌റ്റ് ഹൗസ് 1300, 3000 (സ്യൂട്ട്), കെടിഡിസി 3900– 6000 വരെ, പൊതുമരാമത്ത് റസ്‌റ്റ് ഹൗസ് 400, 750 എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണത്തിന് നെട്ടോട്ടമോടേണ്ട. കുളച്ചിക്കര മുതൽ ധാരാളം ചെറിയ കടകൾ. തദ്ദേശവാസികൾ മലകളിൽനിന്ന് ശേഖരിച്ച പേരയ്‌ക്ക തുടങ്ങിയ ഫലങ്ങളും സുലഭം. പൊന്മുടി മലനിരകളിലെ തേയിലയും കുറഞ്ഞ വിലയ്‌ക്ക് വാങ്ങാം. മടക്കയാത്രയിൽ കല്ലാറിലെത്തി തണുത്ത ജലാശയത്തിൽ മുങ്ങാം. അപകടമരണങ്ങൾ കൂടിയപ്പോൾ നിരവധിയിടങ്ങളിൽ ഹാങ്ങിങ് വേലികൾ തീർത്തു. അനുവദനീയമായ ഇടങ്ങളിലേ ഇറങ്ങാവൂ. തൊട്ടടുത്ത് മീൻമുട്ടി വെള്ളച്ചാട്ടം കാണാനും സൗകര്യം. സാഹസികത ആഗ്രഹിക്കുന്നവർക്ക് ട്രക്കിങ്ങുമാകാം.










0 comments