‘റീൽസിൽ അഭിരമിക്കുന്നതല്ല രാഷ്‌ട്രീയ പ്രവർത്തനം’


സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:06 AM | 1 min read
തിരുവനന്തപുരം: ഒന്നും ചെയ്യാതെ റീൽസിൽ അഭിരമിക്കുന്നവരല്ല, തങ്ങൾ നടത്തുന്ന യാഥാർഥ രാഷ്‌ട്രീയ പ്രവർത്തനം റീൽ ആക്കുന്നവരാണ് നേതാക്കളെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പൊതുരംഗത്തുള്ളവരുടെ ഏറ്റവും വലിയ കരുത്ത് ധാർമികതയാണ്. അത് ഉറപ്പിച്ച് നിർത്താൻ നേതാക്കൾ ശ്രമിക്കണം. റിയൽ വർക്ക് ഇല്ലാത്ത റീൽസ് ജനം അംഗീകരിക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ രംഗത്തുവന്ന കൊടിക്കുന്നിൽ സുരേഷിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. രാഹുലിനെതിരെ എടുത്തത് കള്ളക്കേസാണെന്നും ലൈംഗിക പീഡനങ്ങൾക്കൊന്നും തെളിവില്ലെന്നുമാണ് കൊടിക്കുന്നിൽ പറഞ്ഞത്. എന്നാൽ, രണ്ട് സ്‌ത്രീകളും ഒരു ട്രാൻസ് വുമണും പരസ്യമായി രാഹുലിനെതിരെ പീഡന പരാതി ഉയർത്തിയിരുന്നു.
യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും വധഭീഷണി മുഴക്കുന്നതുമായ ഫോൺ സംഭാഷണവും പുറത്തുവന്നു. രാഹുലോ, മറ്റേതെങ്കിലും നേതാക്കളോ ഇൗ തെളിവുകളെ നിഷേധിച്ചിട്ടില്ല. മാധ്യമങ്ങളോട് തെറ്റായ കാര്യങ്ങൾ പറഞ്ഞ് മുഖംരക്ഷിക്കാൻ നടത്തിയ കൊടിക്കുന്നിലിന്റെ നീക്കം സംശയാസ്പദമാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശമുയർന്നു.








0 comments