print edition നുണവാർത്തകൾക്കുപിന്നിൽ രാഷ്‌ട്രീയ അജൻഡ

വയനാട് ടൗൺഷിപ്പിലെ ഒരു വീടിന്റെ സീലിങ്ങിൽ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയ ഭാഗം മന്ത്രി കെ രാജൻ സാൻഡ് പേപ്പർ ഉപയോഗിച്ച് മായ്ക്കുന്നു | ഫോട്ടോ: ബിനുരാജ് (ഇടത്), ഗുണനിലവാര പരിശോധനയിൽ ഒരുവീട്ടിൽ നനവ് കണ്ടെത്തിയ ഭാഗത്ത് പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു (വലത്)

സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:01 AM | 1 min read
തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണത്തെക്കുറിച്ച് നിരന്തരം വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങൾക്ക് രാഷ്‌ട്രീയ അജൻഡ. മന്ത്രി കെ രാജനെ ആക്ഷേപിക്കുന്നതിലേക്കുവരെ കാര്യങ്ങൾ എ ത്തിച്ചു. ദുരന്തബാധിതരെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനല്ല സർക്കാർ ശ്രമിച്ചത്. മറിച്ച് പുനരധിവാസത്തിൽ ഇതുവരെയില്ലാത്ത മാതൃക സൃഷ്‌ടിച്ചു. ഉപജീവനത്തുകയും വീട്ടുവാടകയുമടക്കം നൽകി. ബാങ്കുകളിലെ കടം എഴുതിത്തള്ളി. എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് എന്ന നിർദേശം സർക്കാർ മുന്നോട്ടുവയ്ക്കുമ്പോൾ രാജ്യത്ത് സമാന മാതൃകയില്ലായിരുന്നു. എന്നാൽ, ഓരോ ഘട്ടത്തിലും വിവാദങ്ങളുമായി ഏതാനും മാധ്യമങ്ങൾ രംഗത്തുവന്നു. ദുരന്തബാധിതരെ കൈപിടിച്ചുയർത്താനുള്ള നാടിന്റെ ശ്രമം പിന്നോട്ടടിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകിയത് പൂത്ത ബ്രെഡ് എന്നായിരുന്നു ആദ്യത്തെ നുണബോംബ്. വസ്‌തുത പരിശോധിക്കാതെ പ്രത്യാഘാതം കണക്കിലെടുക്കാതെയായിരുന്നു വാർത്താസൃഷ്‌ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാർ ബ്രെഡ് വിതരണംചെയ്‌തിട്ടില്ല എന്നു തെളിഞ്ഞപ്പോൾ അടുത്ത നുണ തേടിയിറങ്ങി. പ്രധാനമന്ത്രി എത്തിയ ദിവസം തെരച്ചിൽ നിർത്തി, മൃതദേഹം സംസ്‌കരിക്കാനുള്ള ചെലവായി ഓരോ കുഴിക്കും 75,000 രൂപ വീതം സർക്കാർ എഴുതിയെടുത്തു എന്നൊക്കെ വാർത്ത നൽകി. വീടിനായുള്ള ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളിയെന്ന വാർത്ത വന്നിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളു.
പരിശോധനയുടെ ഭാഗമായി ടൗൺഷിപ്പിലെ ഒരുവീടിന്റെ സീലിങ്ങിൽ വരച്ച വരയെ ‘വിള്ളൽ’ എന്ന് പ്രചരിപ്പിച്ചാണ് പുതിയ ‘വാർത്ത’. പ്രചാരണം തെറ്റാണെന്ന് തെളിയിക്കാൻ മന്ത്രി കെ രാജൻ എത്തിയതിനെ വിള്ളൽ പരിശോധിക്കാനാണ് മന്ത്രി എത്തിയത് എന്ന് വാർത്ത നൽകി ന്യായീകരിച്ചും മാധ്യമങ്ങൾ അപഹാസ്യ രായി.










0 comments