ad
Deshabhimani

ചേന്തി അനിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട്‌ പൊലീസ്‌

Chenthi Anil
വെബ് ഡെസ്ക്

Published on Sep 01, 2026, 07:42 AM | 1 min read

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ കോൺഗ്രസ്‌ നേതാവ്‌ ചേന്തി അനിലിനെ പൊലീസ്‌ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് അനിലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത്‌. ഹർജി പരിഗണിച്ച്‌ അനിലിനെ അടുത്തദിവസം കോടതി പൊലീസ്‌ കസ്റ്റഡിയിൽ വിട്ടേക്കും. അതിനിടെ അനിലിന്‌ കൂടുതൽ കുരുക്കായി മറ്റൊരു കേസിലെ അറസ്റ്റ്‌ വാറന്റ്‌ ശ്രീകാര്യം പൊലീസ്‌ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസിലെ എപിപിയെ മാറ്റിയതായും അറിയുന്നു.


ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി ഏറ്റിരുന്നെങ്കിലും പിന്നീട് പങ്കെടുക്കാൻ തയ്യാറാകാത്തതോടെയാണ്‌ അനിലിന്റെ നേതൃത്വത്തിൽ തടഞ്ഞത്‌. ഇരുവരും രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്നാണ്‌ അനിലിനെ അറസ്റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി അനിലിനെ റിമാൻഡ്‌ ചെയ്‌തിരുന്നു. അനിൽ ഗുണ്ടാ പട്ടികയിലുണ്ടെന്ന വിവരങ്ങളടക്കം റിമാൻഡ്‌ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അടുപ്പക്കാരനാണ്‌ അനിൽ.


അനിലിനെ കസ്റ്റഡിയിൽ ചോദ്യംചെയ്‌ത്‌ കൂടുതൽ വിവരങ്ങൾ കോടതിക്ക്‌ കൈമാറാനാണ്‌ പൊലീസ്‌ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടാണ്‌ പൊലീസിനെക്കൊണ്ട്‌ ഇത്‌ ചെയ്യിക്കുന്നത്‌. അതേസമയം, അനിലിനെ സംരക്ഷിക്കാൻ കോൺഗ്രസിലെ മറ്റൊരു വിഭാഗവും രംഗത്തുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home