ad
Deshabhimani

print edition പരാതി കൊടുക്കാനെത്തി; പൊലീസ്‌ ജീപ്പുമായി കടന്നു

hamsath
വെബ് ഡെസ്ക്

Published on May 10, 2026, 12:47 AM | 1 min read

കണ്ണൂർ: മൊബൈൽ ഫോൺ നഷ്ടമായി എന്ന പരാതി കൊടുക്കാൻ പൊലീസ്‌ സ്‌റ്റേഷനിലെത്തിയയാൾ സ്‌റ്റേഷന്‌ മുന്നിൽ നിർത്തിയിട്ട ജീപ്പുമായി കടന്നു. നഗരത്തിൽ കറങ്ങി തട്ടുകടയിൽ ചായകുടിക്കാൻ ഇറങ്ങിയ ജീപ്പുകള്ളനെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.


ഗുരുവായൂർ തൊഴിയൂർ സ്വദേശി ഹംസത്താണ്‌ പിടിയിലായത്‌. ശനി പുലർച്ചെ 12.45 നാണ്‌ സംഭവം. തന്റെ ഫോൺ നഷ്ടപ്പെട്ടുവെന്ന പരാതി നൽകാൻ നേരത്തെ ഇയാൾ കണ്ണൂർ ട‍ൗൺ പൊലീസ്‌ സ്‌റ്റേഷനിൽ പോയിരുന്നു. പരാതി സൈബർ സെല്ലിലാണ്‌ നൽകേണ്ടത്‌ എന്ന്‌ ഇവിടത്തെ പൊലീസുകാർ പറഞ്ഞതിനാൽ, ഇയാൾ 12.45 ഓടെ തൊട്ടടുത്തുള്ള കണ്ണൂർ പൊലീസ്‌ ക്ലബ്‌ ജങ്‌ഷന്‌ സമീപത്തെ സൈബർ പൊലീസ്‌ സ്‌റ്റേഷനിലെത്തി. മുൻഭാഗത്ത്‌ പൊലീസുകാരെ ആരെയും കാണാത്തതിനാൽ, കോംപ‍ൗണ്ടിൽ കറങ്ങുന്പോൾ, ഇവിടെ പാർക്ക്‌ ചെയ്‌ത കെഎൽ 1 സിഎച്ച്‌ 8189 ജീപ്പ്‌ ശ്രദ്ധയിൽപെട്ടു.


അതിലാണെങ്കിൽ താക്കോലുമുണ്ട്‌. കൂളായി ജീപ്പിൽ കയറി, നഗരത്തിൽ ഒന്നുകറങ്ങി. പിന്നീട്‌ കവിതാ തീയറ്ററിന്‌ സമീപത്തെ എസ്എൻ പാർക്കിനടുത്തുള്ള തട്ടുകയിൽ ചായ കുടിക്കാനായി ജീപ്പ്‌ നിർത്തി ഇറങ്ങി.


തട്ടുകയിലുണ്ടായിരുന്നവർ, മുഷിഞ്ഞ വസ്‌ത്രം ധരിച്ച്‌ ജീപ്പ്‌ ഓടിച്ചുവന്നയാളെ ശ്രദ്ധിച്ചു. നിങ്ങൾ പൊലീസാണോ എന്ന ചോദ്യത്തിന്‌, പൊലീസൊന്നുമല്ല, സ്‌റ്റേഷനിൽ കണ്ട ജീപ്പ്‌ എടുത്തു വന്നതാണ്‌ എന്ന മറുപടിയും ഹംസത്ത്‌ നൽകി. ഇതോടെ, ഇയാളെ തടഞ്ഞുവച്ച്‌ തട്ടുകടയിലുള്ളവർ ട‍ൗൺ സ്‌റ്റേഷനിൽ വിവരം നൽകി. ട‍ൗൺ ഇൻസ്‌പെക്ടർ കൈലാസ്‌ നാഥും സംഘവും സ്ഥലത്തെത്തി ഇയാളെയും ജീപ്പിനെയും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home