സഹായത്തിനായി പൊലീസുകാർ, എന്താവശ്യത്തിനും ഓടിയെത്താൻ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം; ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരത്തെ ചേർത്തുപിടിച്ചവര്‍

പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകള്‍ എടുത്തുമാറ്റാന്‍ സഹായിക്കുന്ന പൊലീസ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസം വന്‍ ജനസഞ്ചയം ഒത്തുകൂടിയിട്ടും തിരുവനന്തപുരം നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളാ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും വളരെ കാര്യക്ഷമതയോടെ തന്നെ പ്രവർത്തിച്ചതിനാൽ പൊങ്കാലയിടാന്‍ എത്തിയവര്‍ക്ക് യാതൊരുവിധ പരാതികളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല.
സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ നാല് സോണുകളിലായി വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5,000ത്തോളം പൊലീസുകാരെ വിന്യസിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി ഡ്രോൺ നിരീക്ഷണം, സിസിടിവി ക്യാമറകളുടെ ശക്തമായ ശൃംഖല, അഞ്ച് വാച്ച് ടവറുകൾ എന്നിവയും സ്ഥാപിച്ചിരുന്നു.

ക്രമീകരണങ്ങളുടെ ഭാഗമായി അഞ്ച് സെക്ടറുകളിലായി ഏകദേശം 450 ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് വോളണ്ടിയർമാരെയും വിന്യസിച്ചിരുന്നു. മൂന്ന് വാട്ടർ ടെൻഡറുകൾ, ഒരു മിനി വാട്ടർ ടെൻഡർ, ആംബുലൻസുകൾ, ഒരു ഫോം ടെൻഡർ, വാട്ടർ ലോറികൾ, വാട്ടർ മിസ്റ്റുകൾ, മറ്റ് വാഹനങ്ങൾ എന്നിവ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കിയിരുന്നു.
ക്ഷേത്രവളപ്പിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന കൺട്രോൾ റൂമിന് പുറമേ, വനിതകള്‍ക്ക് സഹായം നൽകുന്നതിനായി ഒരു പ്രത്യേക വനിതാ കൺട്രോൾ റൂമും പ്രവർത്തനക്ഷമമാക്കി. സുരക്ഷാ നിർദ്ദേശങ്ങളും തത്സമയ വിവരങ്ങളും പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ പൊതു അറിയിപ്പ് സംവിധാനങ്ങളും പ്രവർത്തിച്ചു.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡുകൾ ഒഴികെയുള്ള മിക്ക പ്രധാന റോഡുകളിലും ദിവസം മുഴുവൻ ഗതാഗതം സുഗമമായി നടന്നു. സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാൻ പൊലീസ് ഫലപ്രദമായി ഗതാഗതം നിയന്ത്രിച്ചു. കെഎസ്ഇബി, ആരോഗ്യവകുപ്പ്, തദ്ദേശ ഭരണവകുപ്പ്, കെഎസ്ആർടിസി, ജലവിഭവ വകുപ്പ് തുടങ്ങിയവയുടെയെല്ലാം ഏകോപനത്താൽ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല സുഗമമായി തന്നെ പര്യവസാനിച്ചു.










0 comments