ad
Deshabhimani

print edition മാടാക്കര ജുമാ മസ്‌ജിദിൽ പൊലീസ്‌ അതിക്രമം

Police Brutality at Madakkara Juma Masjid.jpg

കണ്ണൂക്കര മാടാക്കര ജുമാ മസ്ജിദിൽക്കയറി പൊലീസ്‌ നടത്തിയ ലാത്തിച്ചാർജ്‌

വെബ് ഡെസ്ക്

Published on Aug 26, 2026, 01:30 AM | 1 min read

ഒഞ്ചിയം (കോഴിക്കോട്‌): കണ്ണൂക്കര മാടാക്കര ജുമാ മസ്ജിദിൽക്കയറി പൊലീസിന്റെ അഴിഞ്ഞാട്ടം. ബൂട്ടിട്ട് പള്ളിയിൽ കയറിയ പൊലീസുകാരുടെ ലാത്തിച്ചാർജിൽ നിരവധി വിശ്വാസികൾക്ക്‌ പരിക്കേറ്റു. നിസ്‌കാര പായയില്‍ അടക്കം ബൂട്ടിട്ട് കയറിയ പൊലീസ്‌ കണ്ണില്‍ കണ്ടവരെയൊക്കെ അസഭ്യം പറയുകയും തല്ലുകയുംചെയ്തു. തിങ്കൾ രാത്രി എട്ടോടെയാണ് സംഭവം.


വിശ്വാസികളിലെ മുസ്ലിംലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ ചോമ്പാല പൊലീസാണ് പള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നബിദിന പരിപാടിയെക്കുറിച്ച്‌ ആലോചിക്കാന്‍ വിശ്വാസികള്‍ പള്ളിക്കകത്ത് ഇരിക്കുമ്പോഴാണ് ചോമ്പാല ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ സായുധ പൊലീസ് അതിക്രമിച്ച് കടന്നത്‌. പള്ളിക്കകത്തുണ്ടായിരുന്നവർ സംയമനം പാലിച്ചതിനാൽ മറ്റ്‌ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. വിശ്വാസികളെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസും ലീഗ് അനുകൂലികളും വെട്ടിലായി.


സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുവിഭാഗങ്ങളും തർക്കം രൂക്ഷമായിരുന്നു. തിങ്കളാഴ്ചയും ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തു. പള്ളിയിലെ വരുമാനത്തെ ചൊല്ലി രണ്ടുവർഷമായി ഭിന്നതയുണ്ട്. ലീഗ് അനുകൂലികളായ കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവിൽ പള്ളിയിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും രണ്ടുകോടി രൂപയുടെ കണക്കുമായി ബന്ധപ്പെട്ടാണ് വിശ്വാസികൾക്കിടയിൽ ഭിന്നത. നിരവധി തവണ വഖഫ് ബോർഡ് ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. നാലുപേർക്കെതിരെ പൊലീസ്‌ കേസെടുത്തു. ചൊവ്വ രാത്രിയും ചോമ്പാല എസ്ഐ പി പി ഷമീലിന്റ നേതൃത്വത്തിൽ സ്ഥലത്ത് കനത്ത പൊലീസ് കാവലുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home