ad
Deshabhimani

തിരുവോണം മഴയിൽ കുതിരും; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത

kerala rain
വെബ് ഡെസ്ക്

Published on Aug 26, 2026, 02:32 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആറ് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടിന് പുറമെ, വിവിധ ജില്ലകളിലായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് പുതിയ ജാഗ്രതാ നിർദേശത്തിൽ അധികൃതർ വ്യക്തമാക്കുന്നു.


ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.


ഇടിമിന്നൽ ജാഗ്രതാ മുന്നറിയിപ്പുകൾ


ഇടിമിന്നൽ വലിയ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ടു തുടങ്ങുമ്പോൾ തന്നെ മുൻകരുതൽ എടുക്കണം:


സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക: ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനൽ, വാതിൽ, ഭിത്തി എന്നിവയിൽ സ്പർശിക്കരുത്.


വൈദ്യുതോപകരണങ്ങൾ: വീട്ടിലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെലഫോൺ ഉപയോഗവും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കാം).


ടെറസും മരച്ചുവടും: മഴക്കാറുള്ളപ്പോൾ ടെറസിലോ മുറ്റത്തോ നിൽക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനം പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക. യാത്രക്കാർ വാഹനത്തിനുള്ളിൽ തന്നെ തുടരുക.


ജലാശയങ്ങൾ: മീൻപിടിത്തം, കുളി, ബോട്ടിങ് എന്നിവ പൂർണ്ണമായും നിർത്തിവെക്കുക. വളർത്തുമൃഗങ്ങളെ അഴിക്കാൻ ഈ സമയത്ത് പുറത്തിറങ്ങരുത്.


മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതപ്രവാഹം ശേഷിക്കില്ലെന്നും അതിനാൽ ഉടൻ പ്രഥമശുശ്രൂഷ നൽകണമെന്നും നിര്‍ദേശമുണ്ട്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് നിർണായകമാണെന്നും ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്നും നിർദേശിച്ചു.


ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home