വസ്ത്രത്തെച്ചൊല്ലി വിവാദം; കൃതി സനോൺ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ചു

മുംബൈ : രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ പരസ്യത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ തുടർന്ന് നടി കൃതി സനോൺ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ചു. പരസ്യത്തിൽ നടി ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് വിവാദമുയർന്നത്. പരസ്യത്തിൽ നടി ബിക്കിനി ധരിച്ച് രാഖി കെട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപിയായ കങ്കണ റണൗട്ട് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പരസ്യം പിൻവലിക്കുന്നതായി ജ്വല്ലറി അറിയിച്ചത്.
ഇന്ത്യൻ സംസ്കാരത്തോടും ആചാരങ്ങളോടും എപ്പോഴും ബഹുമാനമുള്ളവരാണ് തങ്ങളെന്നും പുതിയ പരസ്യം ഒരുവിഭാഗത്തെ വ്രണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജ്വല്ലറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, കങ്കണ റണൗട്ടിന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കൃതി സനോൺ രംഗത്തെത്തി.
'ഒരു സ്ത്രീ എന്ത് ധരിക്കുന്നു എന്നതിൽ ഒരാൾക്ക് ഇത്രയധികം അസ്വസ്ഥത തോന്നുന്നതെന്തിനാണെന്ന് കൃതി ചോദിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു മറുപടി. തനിക്ക് ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാണ്. വസ്ത്രങ്ങളിലല്ല, മറിച്ച് ആഘോഷങ്ങളുടെ വികാരങ്ങളിലാണ് കാര്യം. കൃതി വ്യക്തമാക്കി. സഹോദരിമാർ തമ്മിലും തങ്ങളുടെ വളർത്തുമൃഗങ്ങൾക്കും രാഖി കെട്ടാറുണ്ട്. തങ്ങളുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും അളക്കേണ്ടത് നെക്‌ലൈൻ നോക്കിയല്ല', കൃതി പറഞ്ഞു. ബ്രാലെറ്റ് ധരിച്ച് നടി കൃതി സഹോദരനും വളർത്തുനായയ്ക്കും രാഖികെട്ടുന്നതാണ് പരസ്യചിത്രത്തിലുണ്ടായിരുന്നത്. വസ്ത്രധാരണത്തെ സംസ്കാരവുമായി കൂട്ടിയിണക്കി ഇതിന് മുൻപും ബിജെപി വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.









0 comments