ad
Deshabhimani

സാധാരണക്കാരായ മനുഷ്യരുടെ ഉറച്ച ശബ്ദം; എഐഡിഡബ്ല്യുഎ നേതാവ് സോണിയ ഗിൽ ഓർമയായി

sonya gill
വെബ് ഡെസ്ക്

Published on Aug 26, 2026, 02:52 PM | 1 min read

മുംബൈ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗവും മഹാരാഷ്ട്ര സംസ്ഥാന മുൻ സെക്രട്ടറിയുമായ സോണിയ ഗിൽ (70) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മുതിർന്ന മാധ്യമപ്രവർത്തകൻ പി സായിനാഥ് ഭർത്താവാണ്.


മഹിളാ അസോസിയേഷനും സ്ത്രീപക്ഷ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ് സോണിയ ഗില്ലിന്റെ വിയോഗമെന്ന് എഐഡിഡബ്ല്യുഎ കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ദശാബ്ദങ്ങളായി മഹിളാ അസോസിയേഷന്റെ മുൻനിര സംഘാടകയായി പ്രവർത്തിച്ചിരുന്നു. മുംബൈയിലെ വർളി ബിഡിഡി ചാളുകൾ, ജിജാമാതാ നഗർ, ഡെലിസ്‌ലെ റോഡ് തുടങ്ങിയ ഇടങ്ങളിലെ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ചാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. പിന്നീട് മുംബൈയിലെ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.


എഐഡിഡബ്ല്യുഎ മുംബൈ ജില്ലാ സെക്രട്ടറിയായിരിക്കെ വനിതാ പ്രവർത്തകരുടെ സംഘടനാപരവും ആശയപരവുമായ വളർച്ചയ്ക്ക് സോണിയ ഗിൽ പ്രത്യേക ശ്രദ്ധ നൽകി. തുടർന്ന് എഐഡിഡബ്ല്യുഎ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അവർ സംസ്ഥാനത്തുടനീളം സംഘടനയെ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി സജീവമായി പ്രവർത്തിച്ചു. എഐഡിഡബ്ല്യുഎ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.


ദീർഘകാലമായി അസുഖത്തോട് പോരാടിയിരുന്നപ്പോഴും അവസാന നാളുകൾ വരെ എഐഡിഡബ്ല്യുഎയുടെ പ്രവർത്തനങ്ങളിൽ സോണിയ ഗിൽ സജീവമായി പങ്കെടുത്തു. വ്യക്തിപരമായ പ്രയാസങ്ങൾ സംഘടനയോടുള്ള പ്രതിബദ്ധതയ്ക്ക് തടസ്സമാകാൻ അനുവദിക്കാതെ അസാധാരണമായ ധൈര്യത്തോടെയും ആത്മാഭിമാനത്തോടെയുമാണ് അവർ രോഗത്തെ നേരിട്ടത്.


സംഘടനയ്ക്കായി നൽകിയ സംഭാവനകളും ആത്മാർഥമായ പ്രവർത്തനവും സഹപ്രവർത്തകരോടുള്ള സ്നേഹവും സോണിയ ഗില്ലിന്റെ സവിശേഷമായ പുഞ്ചിരിയും എഐഡിഡബ്ല്യുഎ പ്രവർത്തകരുടെ മനസ്സിൽ എന്നും നിലനിൽക്കുമെന്ന് സംഘടന പറഞ്ഞു. സോണിയയുടെ വിയോഗം എഐഡിഡബ്ല്യുഎയിലും വനിതാ പ്രസ്ഥാനത്തിലും ആഴത്തിലുള്ള ശൂന്യത സൃഷ്ടിച്ചെന്നും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി.


സോണിയ ഗില്ലിന്റെ ഭർത്താവ് സഖാവ് പി സായിനാഥിനും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും എഐഡിഡബ്ല്യുഎ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home