ad
Deshabhimani

സിപിഐ എം പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ തമ്പടിച്ച് പൊലീസ്; പ്രദേശത്ത് സംഘർഷ സാധ്യത

v sivankutty

വി ശിവന്‍കുട്ടി പൊലീസുമായി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on May 27, 2026, 04:55 PM | 1 min read

തിരുവനന്തപുരം: സിപിഐ എം പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ തമ്പ‌ടിച്ച് കേരളാ പൊലീസ്. സിപിഐ എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.


എന്നാല്‍ പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഐ എം പ്രവർത്തകർ അടിച്ചു തകർത്തുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്നുമാണ് പൊലീസ് നിലപാട്. അതേസമയം, കമ്മിറ്റി ഓഫീസിൽ പൊലീസിനെ കയറ്റുകയില്ലെന്ന നിലപാടിൽ ആണ് സിപിഐ എം നേതൃത്വം. സിപിഐ എം പാളയം ഏരിയ കമ്മിറ്റി ഓഫീസിലേയ്ക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ കമ്മിറ്റി ഓഫീസിലേയ്ക്ക് എത്തി.


കമ്മിറ്റി ഓഫീസിലേയ്ക്ക് സിപിഐ എം പ്രവർത്തകർ ഒഴുകിയെത്തുകയാണ്. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നു. അതേസമയം, പൊലീസിനെ പാര്‍ടി ഓഫീസില്‍ കയറ്റില്ലെന്ന് വി ശിവന്‍കുട്ടിയും വി കെ പ്രശാന്ത് എംഎല്‍എയും വ്യക്തമാക്കി. ഇവിടെ പ്രതികള്‍ ഇല്ലെന്നും പാര്‍ടി നേതാക്കളുമാണ് ഉള്ളതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.


എതിര്‍പ്പുകളെ മറികടന്ന് പാര്‍ടി ഓഫീസിലേയ്ക്ക് കയറുമെന്ന ധാര്‍ഷ്ഠ്യം കേരളാ പൊലീസിന് വേണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി മാധ്യമങ്ങളോ‌ട് പ്രതികരിച്ചു. വാഹനം സിപിഐ എം പ്രവര്‍ത്തകര്‍ വാഹനം തകര്‍ത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. തെളിവ് ഉണ്ടെങ്കില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടാകുമെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. റെയ്ഡിന് ശേഷം ഒന്നും ലഭിച്ചില്ലെന്ന് എഴുതി നല്‍കിയ ശേഷമായിരുന്നു ഇ ഡി ഉദ്യോഗസ്ഥരുടെ മടക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home