print edition അസോസിയേഷൻ അംഗത്വ അട്ടിമറി: സർക്കാർ ഉത്തരവ് നിയമവിരുദ്ധം; പൊലീസുകാർ നിയമ നടപടിക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോൺഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥർക്കായി പൊലീസ് അസോസിയേഷനുകളുടെ അംഗത്വഘടന അട്ടിമറിച്ച ആഭ്യന്തര വകുപ്പിന്റെ നടപടി വിവാദമാകുന്നു. സംഘടനകളുടെ ഭരണഘടന ഭേദഗതി ചെയ്യാൻ പൊലീസുകാർ നൽകിയ നിവേദനത്തിലാണ് നടപടിയെന്നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി തിങ്കളാഴ്‌ച ഇറക്കിയ ഉത്തരവിലുള്ളത്. നിയമപ്രകാരം ഭേദഗതി നിർദേശിക്കേണ്ടത് അതത് സംഘടനകളുടെ ജനറൽ ബോഡിയാണ്.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയേ ഭരണഘടന ദേദഗതി ചെയ്യാവൂവെന്നാണ് വ്യവസ്ഥ. ഇത് അട്ടിമറിച്ചു.
ആഭ്യന്തര വകുപ്പിന്റെ തെറ്റായ ഉത്തരവ് മരവിപ്പിക്കണമെന്നും വിഷയം ചർച്ചചെയ്യണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ആഭ്യന്തരമന്ത്രി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് കത്തുനൽകി. പരിഹാരമില്ലെങ്കിൽ കോടതിയെ സമീപിക്കും.
കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ഭരണഘടനകളാണ് ഒറ്റയടിക്ക് തിരുത്തിയത്. സംഘടനകളുടെ ഘടകമോ ഭാരവാഹികളോ സർക്കാരിനെ സമീപിച്ചിട്ടില്ല. ആരുമായും ചർച്ചയും നടത്തിയില്ല. കോൺഗ്രസുകാർക്ക് സംഘടനകൾ പിടിച്ചടക്കാനാണ് തിരക്കിട്ട നടപടി.
സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർ ഇതിനെതിരായിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയതോടെയാണ് തിരക്കിട്ട് നിർദേശം തയ്യാറാക്കിയത്. ഗ്രേഡ് എസ്‌ഐയാകാൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥനെ സുപ്രധാന ഭാരവാഹിത്വത്തിലെത്തിക്കാനാണ് നിയമവിരുദ്ധ നടപടിയെന്നാണ് വിവരം. ഇതിനായി 2027 ജൂലൈവരെ കാലാവധിയുള്ള യൂണിറ്റ്, ജില്ലാ,സംസ്ഥാന കമ്മിറ്റികളും പിരിച്ചുവിട്ടു.









0 comments