പള്ളിയിൽ പൊലീസ് അതിക്രമം
print edition തെളിഞ്ഞു, സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത

കോഴിക്കോട്: വടകര മാടാക്കര ജുമമസ്‌ജിദിൽ ബൂട്ടിട്ട് കയറിയുള്ള പൊലീസ് അതിക്രമത്തിൽ വെളിപ്പെട്ടത് യുഡിഎഫ് സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത. സർക്കാരിന്റെ നൂറാംനാളിലാണ് പള്ളിയിൽ കയറി മുസ്ലിം മതവിശ്വാസികളെ പൊലീസ് ആക്രമിച്ചത്. നബിദിനാഘോഷ ഒരുക്കത്തിനിടയിലായിരുന്നു പൊലീസിന്റെ പ്രകോപനം. സംഘപരിവാർ വിതയ്‌ക്കുന്ന മുസ്ലിം വിരുദ്ധതയ്‌ക്ക് ഇന്ധനമേകുന്നതാണ് തിങ്കളാഴ്‌ച രാത്രി പള്ളിയിൽ നടന്ന പൊലീസ് അതിക്രമം. പള്ളിയിലുള്ളവർ സംയമനം പാലിച്ചതിനാലാണ് അനിഷ്ട സംഭവങ്ങളൊഴിവായത്.
അതിക്രമത്തെ അപലപിക്കാൻ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല. വിഷയത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ മുതലക്കണ്ണീരുമായി ലീഗ് രംഗത്തെത്തി. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് പള്ളിയിൽ പൊലീസ് സംഘർഷമുണ്ടാക്കിയതെന്ന് തെളിവുസഹിതം പുറത്തുവന്നിട്ടുണ്ട്. ലീഗ് എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ ഇടപെടലിലാണ് പൊലീസ് എത്തിയത്.
പള്ളിയിലെ സാമ്പത്തിക പ്രശ്നം ഉൾപ്പെട്ട കാര്യങ്ങളിൽ ലീഗ് അനുകൂലികളും വിശ്വാസികളും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. തിങ്കളാഴ്ച ഇരുവിഭാഗവും തമ്മിൽ പ്രശ്‌നമുണ്ടായി. അത് പരിഹരിക്കാനെത്തിയ പൊലീസാണ് മൊയിലൂദ് പാരായണം നടക്കുന്നതിനിടെ പള്ളിക്കകത്ത് കയറി അക്രമം നടത്തിയത്. ലീഗ് അനുകൂലികളായ കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവിൽ പള്ളിയിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും രണ്ടുകോടി രൂപയുടെ കണക്കുകളുമായി ബന്ധപ്പെട്ടാണ് ഭിന്നത ഉടലെടുത്തത്. ഇതിൽ നിരവധി തവണ വഖഫ് ബോർഡ് ഇടപെട്ടിട്ടും പരിഹാരമായില്ല. പള്ളികൾ പിടിച്ചടക്കുക എന്ന ലീഗ് അജൻഡ നടപ്പാക്കാനുള്ള ശ്രമമാണ് മാടാക്കര ജുമാ മസ്‌ജിദിൽ അരങ്ങേറിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.










0 comments