print edition ബസുടമകളോടും ഓട്ടോതൊഴിലാളികളോടും പൊലീസ്; ആഭ്യന്തരമന്ത്രിയുടെ പരിപാടിക്ക് ആളെ എത്തിക്കണം

കെ എ നിധിൻ നാഥ്
Published on Aug 09, 2026, 02:08 AM | 1 min read
തൃശൂർ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരിപാടിയിലേക്ക് ആളുകളെ എത്തിക്കാൻ ബസ്സുടമകളോടും ഓട്ടോ തൊഴിലാളികളോടും ആവശ്യപ്പെട്ട് പൊലീസ്. തൃശൂർ സിറ്റി പൊലീസ് ഞായറാഴ്‌ച സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കാൻ ആളുകളെ എത്തിക്കാനാവശ്യപ്പെട്ട് ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനാണ് ബസ്സുടമകൾ, തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് നിർദേശം നൽകിയത്. വാട്‌സാപ്പ് വഴി ഒരു മിനിറ്റോളം ദൈർഘ്യമുള്ള ശബ്ദസന്ദേശമാണ് ശനിയാഴ്‌ച ഉദ്യോഗസ്ഥൻ അയച്ചത്. പ്രതികാര നടപടി ഭയന്ന് ബസ്സുടമകൾ തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും സന്ദേശം പങ്കുവച്ചു.
‘മന്ത്രിയുടെ പരിപാടി വിജയിപ്പിക്കണം. അതിനായി പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം’ എന്നാണ് ശബ്ദസന്ദേശത്തിൽ. ബസ് തൊഴിലാളികളുടെയും ഓട്ടോ തൊഴിലാളികളുടെയും യൂണിയൻ ഗ്രൂപ്പുകളിലേക്കും സന്ദേശം ഇട്ടിട്ടുണ്ടെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. എല്ലാവരെയും പരിപാടിയിൽ പങ്കെടുപ്പിക്കണം. ഇത് മറക്കാൻ പാടില്ല' എന്ന് പറഞ്ഞാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്. പൊലീസിന്റെ വനിതാ സുരക്ഷാ പദ്ധതിയിലേക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തൃശൂർ സിറ്റി പൊലീസിന്റെ പിങ്ക് പട്രോളിങ്ങിന് മന്ത്രി രമേശ് ചെന്നിത്തല കൈമാറുന്ന പരിപാടി ഞായർ രാവിലെ ഒന്പതിന് തേക്കിൻകാട് മൈതാനത്താണ്.










0 comments