പെൺകുട്ടിയെ പീഡിപ്പിച്ചത് ഒരുവർഷത്തോളം; പോക്സോ കേസിൽ ഇരട്ട ജീവപര്യന്തവും 55 വർഷം കഠിനതടവും ശിക്ഷ

മാണിക്യൻ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 55 വർഷം കഠിനതടവും 3.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേലാർകോട് ചിറ്റിലഞ്ചേരി പാറക്കൽക്കാട് മാണിക്യനെ (52) യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം സിന്ധു തങ്കം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലുവർഷവും ഒരുമാസവും അധിക കഠിനതടവ് അനുഭവിക്കണം.
കഠിനതടവ് ശിക്ഷ അനുഭവിച്ചശേഷം ജീവപര്യന്തം തടവുകൂടി അനുഭവിക്കണം എന്നാണ് വിധി. പിഴ തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് 30 വരെയുള്ള കാലയളവിൽ പ്രതി പലതവണയായി ബാലികയെ പീഡിപ്പിക്കുകയായിരുന്നു. ആലത്തൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി.
വിചാരണക്കിടെ പ്രതി ഒളിവിൽ പോവുകയും തമിഴ്നാട് തിരുവണ്ണാമലയിൽ സന്യാസി വേഷത്തിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു. ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ ടി എൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ലൈസൻ ഓഫീസർ എഎസ്ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.










0 comments