Deshabhimani

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു

mohammed adnan pocso
വെബ് ഡെസ്ക്

Published on Nov 03, 2026, 07:09 PM | 1 min read

പെരുമ്പാവൂർ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അതേ കേസിലെ അതിജീവിതയായ പതിനാലുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അറയ്ക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദ്നാനാണ് പെൺകുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തടയാനെത്തിയ അയൽവാസിയുടെ ഇടപെടലിലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ആക്രമണത്തിനിടെ പെൺകുട്ടിയുടെ ഇരുകൈകൾക്കും അയൽവാസിക്കും പരിക്കേറ്റു.


തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ അദ്നാൻ കുട്ടിയെ മർദിക്കുകയും പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് കഴുത്തിൽ കത്തിവച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസിയായ യുവാവ് പ്രതിയെ തടഞ്ഞു. ഇതിനിടെ അയൽവാസിക്കും കത്തികൊണ്ട് പരിക്കേറ്റു.


പെൺകുട്ടിയെ വീട്ടിൽനിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുവരുന്നതാണ് കണ്ടതെന്ന് അയൽവാസി പറഞ്ഞു. കഴുത്തിന് സമീപം കത്തിയുമായി നിന്ന പ്രതിയെ ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞത്. പിടിവലിക്കിടെ തനിക്കും പരിക്കേറ്റെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായെന്നും അയൽവാസി വ്യക്തമാക്കി.


പൊലീസ് എത്തുന്നതിന് മുമ്പ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ വനപ്രദേശത്തുനിന്നാണ് അദ്നാനെ പിടികൂടിയത്.


ഓഗസ്റ്റ് എട്ടിനാണ് അദ്നാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. രണ്ടര മാസത്തോളം ജയിലിൽ കഴിഞ്ഞ ഇയാൾ ഒക്ടോബർ 18നാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകമാണ് അതിജീവിതയെ വീണ്ടും ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home