കോന്നിയിൽ മ്ലാവിനെ വേട്ടയാടിയ സംഘം പിടിയിൽ; ഇരട്ടക്കുഴൽ തോക്കും ജീപ്പും പിടിച്ചെടുത്തു

മ്ലാവിനെ വേട്ടയാടിയ സംഘത്തെ വനപാലകർ പിടികൂടിയപ്പോൾ
കോന്നി: കോന്നിയിൽ മ്ലാവിനെ വേട്ടയാടി ഇറച്ചിവിറ്റ നായാട്ടുസംഘത്തെ വനപാലകർ പിടികൂടി. ഇരട്ടക്കുഴൽ തോക്കും ജീപ്പും പിടിച്ചെടുത്തു. വനമേഖലയിൽനിന്ന് മ്ലാവിനെ വെടിവെച്ചുകൊന്ന് ഇറച്ചി വിൽപന നടത്തിയ നാലംഗ നായാട്ടുസംഘത്തെ കോന്നി ഡിവിഷനിലെ ഞള്ളൂർ നോർത്ത് കുമരംപേരൂർ സ്റ്റേഷൻ പരിധിയിൽനിന്നാണ് വനപാലകർ പിടികൂടിയത്. കോട്ടയം ചേറാടി സ്വദേശികളായ സി ജി സുനിൽ കുമാർ, സി ജി അനിൽ കുമാർ, ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ജീപ്പ്, ഇരട്ടക്കുഴൽ തോക്ക്, മറ്റ് മാരകായുധങ്ങൾ എന്നിവ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലിൽകുഴി ഭാഗത്തുവെച്ചാണ് സംഘം മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടർന്ന് ഇതിന്റെ ഇറച്ചി വിവിധ സ്ഥലങ്ങളിലായി വിൽപന നടത്തി. മ്ലാവിന്റെ തലയും ആന്തരികാവയവങ്ങളും ആവോലിൽകുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ വനപാലകർ കണ്ടെത്തിയിരുന്നു. വനംവകുപ്പ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതികൾ വീണ്ടും വേട്ടക്കിറങ്ങിയത്.
തിങ്കളാഴ്‌ച പയ്യനാമൺ അടുക്കാട് ഭാഗത്തുവെച്ച് വീണ്ടും വേട്ട നടത്താൻ ശ്രമിക്കുന്നതിനിടെ വനപാലകസംഘം ഇവരെ തന്ത്രപരമായി വളഞ്ഞ് പിടികൂടുകയായിരുന്നു. അരുവാപ്പുലം സ്വദേശിയായ പ്രശാന്തിന് പന്നിയെ വെടിവെക്കാൻ ലഭിച്ച ലൈസൻസിന്റെ മറവിലാണ് സംഘം വന്യമൃഗവേട്ട നടത്തിയിരുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രതികളെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും.
കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാർ എസ്, നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ ഹരിദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി സന്തോഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.










0 comments