ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ
പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു

കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം
മലപ്പുറം
കിഴിശേരി മുണ്ടംപറമ്പിലെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ആത്മഹത്യചെയ്തതില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ്ചെയ്ത് പൊലീസ്. ഷൗക്കത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ശനിയാഴ്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസിന്റെ നടപടി. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി എം സലാഹ്, വേങ്ങര ബ്ലോക്ക് സെക്രട്ടറിയറ്റംഗം പി സാജുദ്ദീന്‍, പ്രവര്‍ത്തകനായ നബീല്‍ നെടിയിരിപ്പ് എന്നിവരെയാണ് അറസ്റ്റ്ചെയ്തതത്. ശ്യാംപ്രസാദിനെയും സലാഹിനെയും സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു. മറ്റ് രണ്ടുപേരെ മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കി. ഇവിടെനിന്ന് ജാമ്യം ലഭിച്ചു. ഓട്ടോറിക്ഷയ്ക്ക് പെര്‍മിറ്റ് ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് കിഴിശേരി സ്വദേശി ഷൗക്കത്ത് കഴിഞ്ഞമാസം 27ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിട്ട് ആത്മഹത്യചെയ്തത്.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പൊലീസിന്റെ വ്യാമോഹം: ഡിവൈഎഫ്ഐ
മലപ്പുറം
ഓട്ടോ ഡ്രൈവർ കിഴിശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിന്റെ മരണത്തില്‍ ഭരണസംവിധാനത്തിന്റെ വീഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തത് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന പൊലീസിന്റെ വ്യാമോഹത്തിന്റെ ഭാഗമായാണെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും അഴിമതിക്കുമെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. പൊലീസിന്റെ ഹെൽമറ്റും ഷീൽഡും തകർത്തുവെന്ന ദുർബലവും അസത്യവുമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടോട്ടി എസ്‌എച്ച്‌ഒ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് കേസെടുത്തത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് ജനങ്ങൾക്കുവേണ്ടി പോരാടുന്നവരെ കള്ളക്കേസിൽ കുടുക്കാനാണ് പൊലീസ് ശ്രമം. ഇത്തരം നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഷൗക്കത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെയും നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുന്നതുവരെയും സമരം തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് ആര്‍ടി ഓഫീസ് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത കൊണ്ടോട്ടി പൊലീസിന്റെ പ്രതികാര നടപടിക്കെതിരെ യുവജന പ്രതിഷേധം. ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ്ചെയ്തതിനെതിരെ മലപ്പുറം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കേസില്‍ കോടതിയില്‍നിന്ന് ജാമ്യം കിട്ടിയ പ്രവര്‍ത്തകരെ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം എന്‍ എം ഷെഫീഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി സെയ്ഫുദ്ദീന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശരത്ത്, എം സലാഹുദ്ദീന്‍, ഹരികൃഷ്ണപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.








0 comments