print edition കോൺഗ്രസ് ഒറ്റയ്‌ക്ക് ഭരിച്ചുകാണിക്കട്ടെ: മുസ്ലിംലീഗ്

തിരുവനന്തപുരം: കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണം എന്നതിൽ ഘടകകക്ഷികൾ അഭിപ്രായം പറഞ്ഞതിലെ കോൺഗ്രസ് അതൃപ്‌തി പുറത്തുവന്ന സാഹചര്യത്തിൽ ശക്തമായ നിലപാടുമായി മുസ്ലിംലീഗ്.
കോൺഗ്രസിന് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്‌ക്ക് ഭരിച്ചുകാണിക്കട്ടെ എന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
മുഖ്യമന്ത്രിത്തർക്കം രൂക്ഷമാകുന്നതിനിടെ മുസ്ലിംലീഗ് താൽപ്പര്യമെടുത്ത് മറ്റ് ഘടകകക്ഷികളുമായിചേർന്ന് എഐസിസി നിരീക്ഷകരായ അജയ് മാക്കനെയും മുകിൾ വാസ്‌നിക്കിനെയും സന്ദർശിച്ചിരുന്നു. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രിസ്ഥാനത്തിനായി ആവശ്യമുന്നയിക്കുന്ന കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കും ഇൗ നിലപാട് തിരിച്ചടിയാണ്. ലീഗ് ഇടപെടലിനെതിരെ മാത്യു കുഴൽനാടനുൾപ്പെടെ രംഗത്തെത്തിയിരുന്നു. മുസ്ലിംലീഗ് പ്രവർത്തകർ കുഴൽനാടന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.
കഴിഞ്ഞദിവസം ചർച്ചയ്‌ക്കായി ഡെൽഹിയിലെത്തിയ വി ഡി സതീശന് എംഎസ്‌എഫ് പ്രവർത്തകർ സ്വീകരണവുമൊരുക്കി. ഇത് എഐസിസിയുടെയും എതിർപ്പിന് കാരണമായിട്ടുണ്ട്. അതിനിടയിലാണ് പി എം എ സലാമിന്റെ പ്രതികരണം.
ഹൈക്കമാൻഡിനോട് ലീഗ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി തീരുമാനം വന്നാലുടൻ ഉന്നതാധികാരസമിതി ചേർന്ന് ലീഗ് നിലപാട് വ്യക്തമാക്കും.
‘യുഡിഎഫ് രൂപീകരണംമുതൽ ലീഗുണ്ട്. യുഡിഎഫിനെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഞങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. മുസ്ലിംലീഗിന്റെ ശക്തി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാണാൻ കഴിയും. നിയമസഭയിൽ 22 അംഗങ്ങളുള്ള ലീഗിന് മന്ത്രിസഭയിൽ അതിനനുസരിച്ചുള്ള പ്രാതിനിധ്യം വേണം’– സലാം പറഞ്ഞു.










0 comments