print edition പിഎം ശ്രീ; യുഡിഎഫ് ആരോപണം നുണ: തെളിവായി രേഖകൾ


സ്വന്തം ലേഖകൻ
Published on Jun 13, 2026, 12:42 AM | 1 min read
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിക്ക് മുൻ സർക്കാർ കേന്ദ്രഫണ്ട് വാങ്ങിയെന്ന യുഡിഎഫിന്റെയും മന്ത്രി എൻ ഷംസുദ്ദീന്റെയും വാദം പൊളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകൾ. മാർച്ച് 27ന് നടന്ന പ്രോജക്ട് അപ്രൂവൽ ബോർഡ് (പിഎബി) യോഗത്തിന്റെ മിനിറ്റ്‌സിലാണ് കേന്ദ്ര സർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് വ്യക്തമാക്കുന്നത്. അതേസമയം ഇൗ തുക പിഎം ശ്രീ പദ്ധതിയിൽ ലഭിച്ചതാണെന്നും ആദ്യഗഡു ലഭിച്ചതിനാൽ പദ്ധതിയിൽനിന്ന് ഇനി പിന്മാറാൻ കഴിയില്ലെന്നുമാണ് മന്ത്രി എൻ ഷംസുദ്ദീൻ ആവർത്തിച്ചിരുന്നത്.
പദ്ധതിയുടെ പേരിൽ അർഹതപ്പെട്ട എസ്‌എസ്‌കെ വിഹിതം തടഞ്ഞതോടെയാണ് കേരളം കഴിഞ്ഞ ഒക്ടോബറിൽ പിഎം ശ്രീയിൽ ഒപ്പുവച്ചത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും ഫണ്ട് നേടിയെടുക്കുക മാത്രമാണ് ലക്ഷ്യമെന്നും അന്നത്തെ സർക്കാർ ഉറപ്പ് പറയുകയും ചെയ്‌തു. പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്രത്തെയും രേഖാമൂലം അറിയിച്ചു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പിഎം ശ്രീ ഡാഷ്ബോർഡിൽ വ്യക്തമാണ്. രാജ്യത്തെ 13,091 സ്കൂളുകളാണ് പദ്ധതിയിലുള്ളത്. കേരളത്തിൽ 47 വിദ്യാലയങ്ങളിൽ പിഎം ശ്രീ നടപ്പാക്കുന്നുണ്ട്. ഈ സ്കൂളുകളെല്ലാം കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ സ്കുളുകളും. നിലവിൽ 1000 കോടി രൂപ എസ്‌എസ്‌കെയിൽ കുടിശ്ശികയുണ്ട്. കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോൾ സംസ്ഥാന ഖജനാവിൽനിന്നാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകിയത്.
പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതിയെ എതിർത്ത ലീഗും കോൺഗ്രസും ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റി. അടുത്ത മന്ത്രിസഭായോഗത്തിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനമെടുത്തേക്കും.










0 comments