print edition പിഎം ശ്രീയിൽ സർക്കാരിന്റെ തിരക്കിട്ട നീക്കം; സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ 265 സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി സർക്കാർ. മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് വരുംമുന്പേയാണ് നടപടി. പദ്ധതി നടത്തിപ്പിൽ കാലതാമസം വരാതിരിക്കാനാണ് സ്‌കൂളുകളുടെ പട്ടിക നേരത്തെ തയ്യാറാക്കിയത്. മറ്റ് ഉദ്യോഗസ്ഥ നടപടികളും ആരംഭിച്ചതായാണ് വിവരം.
മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹി യാത്രയിൽഅമിത്‌ഷായെ കണ്ടപ്പോൾ പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നാലെയാണ് തുടർനടപടി വേഗത്തിലാക്കിയത്. പിഎം ശ്രീ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുദിവസത്തിനുള്ളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തിന് കത്ത് നൽകും.
ഇതിന് സർക്കാർ അനുകൂല മറുപടി നൽകുന്നതോടെ പദ്ധതി നിർവഹണത്തിലേക്ക് കടക്കും. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ എതിർപ്പ് വകവയ്‌ക്കാതെ, പിഎം ശ്രീ എങ്ങനെയും കേരളത്തിൽ യാഥാർഥ്യമാക്കണം എന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട്. ലീഗും പച്ചക്കൊടി വീശി.
ബിജെപി ഡീലിന്റെ ഭാഗമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല സംഘപരിവാർ അജൻഡയ്‌ക്ക് അടിയറ വയ്‌ക്കുകയാണ് യുഡിഎഫ് സർക്കാർ.
പദ്ധതി നടത്തിപ്പിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി രണ്ടുതവണ ചേർന്നെങ്കിലും അംഗങ്ങളായ എൻ ഷംസുദ്ദീൻ, റോജി എം ജോൺ, പി സി വിഷ്‌ണുനാഥ് എന്നിവർ എതിർത്തില്ല. മന്ത്രി എം ലിജു മാത്രമാണ് രാഷ്‌ട്രീയമായി തിരിച്ചടിയാകുമോയെന്ന് സംശയം പ്രകടിപ്പിച്ചത്. പി എം ശ്രീയെ അനുകൂലിച്ചാണ് മന്ത്രിസഭാ ഉപസമിതിയുടെ കരട് റിപ്പോർട്ടും.
അതേസമയം, ‘പിഎം ശ്രീ’യിൽ രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് തീരുമാനം നീളുന്നതെന്നത് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി ചർച്ചകളെക്കുറിച്ചോ രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.










0 comments