ad
Deshabhimani

print edition പിഎം ശ്രീ: മറുപടിയില്ലാതെ സർക്കാർ

V D Satheesan.jpg
വെബ് ഡെസ്ക്

Published on Jun 25, 2026, 12:29 AM | 3 min read

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ മരവിപ്പിച്ച പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌ എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ലാതെ യുഡിഎഫ്‌ സർക്കാർ. ഡീല്‍ അല്ലാതെ മറ്റൊന്നും ഇല്ലെന്ന് തെളിയിക്കുന്നതായി വിദ്യാഭ്യാസ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിയമസഭയിലെ മറുപടികള്‍. പദ്ധതി നടപ്പാക്കാൻ കരുനീക്കുന്ന സർക്കാരിന്റെ ഗൂഢപദ്ധതിയെ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടി.


2025 ഒക്‌ടോബറിൽ ഒപ്പിട്ട്‌ 20 ദിവസത്തിനകം പദ്ധതിയുമായി മുന്നോട്ട്‌ പോകില്ലെന്ന്‌ കേന്ദ്രത്തെ അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. മേല്‍നോട്ട കമ്മിറ്റികൾ രൂപീകരിക്കാനും സ്‌കൂളുകളെ തെരഞ്ഞെടുക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിനാല്‍ പദ്ധതിയുമായി സർക്കാർ പോകുന്നത്‌ ലജ്ജാകരമായ കീഴടങ്ങലാണ്‌. പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്താലേ പദ്ധതി നടപ്പാക്കാന്‍ കഴിയൂവെന്ന് പിണറായി പറഞ്ഞു.


2022ൽ കേന്ദ്രം കത്തയച്ചിട്ടും എൽഡിഎഫ്‌ സർക്കാർ ഒപ്പിടാൻ തയ്യാറായില്ലെന്ന വസ്‌തുത വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ മറുപടിയിലും തെളിഞ്ഞു. ധാരണപത്രം ഒപ്പിട്ടതിന്റെ പേരിൽ സംസ്ഥാനത്തിന്‌ പദ്ധതി നടപ്പാക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന്‌ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി പ്രസാദ്‌ ഭരണഘടനയും കോടതിവിധികളും ഉദ്ധരിച്ച്‌ വ്യക്തമാക്കി. പദ്ധതി മരവിപ്പിച്ച്‌ മുൻസർക്കാർ കത്തയച്ചു. ഇക്കാര്യം കേന്ദ്രമന്ത്രിയെ നേരിട്ട്‌ അറിയിക്കുകയും പോർട്ടലിൽ പിന്മാറ്റം രേഖപ്പെടുത്തുകയുംചെയ്‌തു. എന്നിട്ടും പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ ആസൂത്രിത നീക്കമാണ്‌ വ്യാപക സംശയത്തിനും പ്രതിഷേധത്തിനും കാരണമായത്.


പിഎം ശ്രീയിൽ 
കൈപൊള്ളി സർക്കാർ


സംഘപരിവാർ അജൻഡയുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ആവേശത്തിൽ കൈപൊള്ളി സർക്കാർ. നിയമസഭയിൽ പ്രതിപക്ഷ വിമർശത്തിനിടെ ‘ആരു നടപ്പാക്കുന്നു’ എന്ന്‌ ചോദിച്ച്‌ തടിയൂരാൻ ഭരണപക്ഷത്തിന്റെ ശ്രമം. അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ വലിച്ചെറിയുമെന്ന്‌ പറഞ്ഞവർ അപ്പുറത്തുണ്ടെന്ന്‌ ഓർമിപ്പിച്ച്‌ ആഞ്ഞടിച്ച്‌ പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി തേടി പി പ്രസാദ്‌ നോട്ടീസ്‌ അവതരിപ്പിച്ച വേളയിലാണ്‌ യുഡിഎഫിന്റെ ഇരട്ടത്താപ്പ്‌ വെളിവായത്‌.


പ്രമേയത്തിന്‌ മറുപടി പറഞ്ഞ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ‘മുൻ സർക്കാർ എംഒയു ഒപ്പിട്ടതിനാൽ അതു തുടരുകയേ വഴിയുള്ളൂ’വെന്ന്‌ സ്ഥാപിക്കാനാണ്‌ ശ്രമിച്ചത്‌. അത്‌ ശരിയല്ലെന്ന്‌ പി പ്രസാദ്‌ വിവിധ കോടതിവിധികളും നിയമങ്ങളും ഉദ്ദരിച്ച്‌ വ്യക്തമാക്കി. മുൻ സർക്കാർ പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പിടുന്നതിലേക്ക്‌ എത്തിയതും മരവിപ്പിക്കാൻ കത്തുകൊടുത്തതുമായ കാര്യങ്ങൾ പരാമർശിച്ച ഷംസുദ്ദീൻ 2022മുതൽ പദ്ധതി നടപ്പാൻ കേന്ദ്രത്തിൽനിന്ന്‌ കത്തുകളുണ്ടായിരുന്നുവെന്നും പറഞ്ഞു.


ഇറങ്ങിപ്പോക്കിനുമുമ്പ്‌ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും ഇക്കാര്യം ആവർത്തിച്ചു. 2022മുതൽ കത്തയച്ചിട്ടും എൽഡിഎഫ്‌ സർക്കാർ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 2022ൽ വന്ന പിഎം ശ്രീയിൽ ഒപ്പിടാത്തതിനാൽ സംസ്ഥാനത്തിന്‌ എസ്‌എസ്‌കെ ഫണ്ട്‌ ഇനത്തിൽ ലഭിക്കേണ്ട 1500ലേറെ കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചു. ഇ‍ൗ തുക വാങ്ങിച്ചെടുക്കാൻ സംസ്ഥാനം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടതിനുപകരം അന്നത്തെ പ്രതിപക്ഷം സഹകരിച്ചില്ലെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു.


എംഒയുവിൽ ഒപ്പിട്ടെങ്കിലും മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള കത്ത്‌ 20 ദിവസത്തിനകം കേന്ദ്രത്തിന്‌ അയച്ചു. എംഒയു ഒപ്പിട്ടാൽ മാത്രം പദ്ധതി നടപ്പാകില്ല. മോണിറ്ററിങിന്‌ ജില്ലാ– സംസ്ഥാന തലങ്ങളിൽ കമ്മിറ്റി രൂപീകരിക്കണം. സ്‌കൂളുകളെ നിശ്‌ചയിക്കണം. 40 ശതമാനം ഫണ്ട്‌ നീക്കിവയ്‌ക്കണം. ഇതൊന്നുമുണ്ടായില്ലെന്നും പിണറായി പറഞ്ഞു.



സഭയിൽ വാക്‌പോര്‌; പിഎം ശ്രീയിൽ മുഖ്യമന്ത്രിയെ പൂട്ടി പ്രതിപക്ഷ നേതാവ്


പിഎം ശ്രീ വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്‌. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉന്നയിച്ച ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ബജറ്റ്‌ ചർച്ചയ്‌ക്ക്‌ മറുപടി പറയവെ പിഎം ശ്രീയിൽ ഒപ്പിട്ടത്‌ എൽഡിഎഫ്‌ സർക്കാരാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഇപ്പോൾ നടപ്പാകാത്തതിനു കാരണം ഞങ്ങൾ അത്‌ മരവിപ്പിച്ചതുകൊണ്ടാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ മറുപടി നൽകി. നടപ്പാകാത്ത കാര്യം എന്തിനാണ്‌ നിങ്ങൾ നടപ്പാക്കാൻ ആലോചിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


നിങ്ങൾ എന്തുകൊണ്ട്‌ ഒപ്പുവച്ചു എന്നായിരുന്നു വി ഡി സതീശന്റെ മറുചോദ്യം. ‘എൻഇപിയുടെ ഭാഗമായുള്ള നയം നടപ്പാക്കില്ലെന്ന്‌ നേരത്തേ പ്രഖ്യാപിച്ചതാണ്‌. പിഎം ശ്രീയുടെ ഭാഗമായി ഇവിടെ ഒന്നും നടപ്പാക്കാനുമില്ല. എസ്‌എസ്‌കെ ഫണ്ടായി 1500 കോടി രൂപയാണ്‌ കേന്ദ്രം തടഞ്ഞുവച്ചത്‌. അത്‌ വലിയ പ്രയാസമുണ്ടാക്കും. ആ തുക വാങ്ങിയെടുക്കാനായാണ്‌ ഒപ്പുവയ്‌ക്കാൻ തീരുമാനിച്ചത്‌. എന്നാൽ, ആ തീരുമാനം മരവിപ്പിച്ചു. അതുകൊണ്ടാണ്‌ എട്ടുമാസമായി പദ്ധതി നടപ്പാകാത്തത്‌’– പിണറായി പറഞ്ഞു.


ഇപ്പോൾ നടപ്പാകാത്ത പദ്ധതി എന്തിന്‌ നടപ്പാക്കാൻ പോകുന്നുവെന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രിക്ക്‌ മറുപടി ഉണ്ടായില്ല. പ്രതിപക്ഷ നേതാവ്‌ സംസാരിക്കുന്നതിനിടെ ഭരണപക്ഷാംഗങ്ങൾ ബഹളംവച്ചു. ‘ഇമ്മാതിരി ആളുകളെ കൊണ്ടുവച്ചാൽ നിങ്ങൾ അപകടത്തിലാകും’ എന്ന്‌ പിണറായി ഓർമിപ്പിച്ചു.


പ്രതിപക്ഷ നേതാവിനെയും പാർടി സെക്രട്ടറിയെയും അണികൾ ചോദ്യം ചെയ്യുകയാണെന്ന്‌ സതീശൻ പറഞ്ഞു. അതൊക്കെ വല്ലാത്ത പൂതിയാണെന്ന്‌ പിണറായി തിരിച്ചടിച്ചു. ‘ഞാനോ, ഞങ്ങളോ ആദ്യമായി നേരിടുന്നതല്ല ഇത്‌. നിങ്ങളെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങൾ കൊത്തിക്കീറി വലിച്ചുനടക്കുകയായിരുന്നു. അന്നൊന്നും തകർന്നിട്ടില്ല. അതിനെയെല്ലാം നേരിട്ടാണ്‌ ഇവിടെ നിൽക്കുന്നത്‌. എന്നെയോ ഞങ്ങളെയോ ഇ‍ൗ സ്ഥാനത്തുപാടില്ലെന്ന്‌ പാർടി തീരുമാനിച്ചിട്ടില്ല. വലതുപക്ഷ മാധ്യമ സൃഷ്ടിയാണ്‌ ഇതൊക്കെ. അതു കേട്ട്‌ സിപിഐ എം വല്ലാതെ തകരുമെന്ന്‌ മോഹിച്ചുനിൽക്കേണ്ട’– പിണറായി വ്യക്തമാക്കി.


യുഡിഎഫ്‌ നേതാക്കൾ പിഎം ശ്രീ 
അംബാസഡർമാരാകുന്നു


പിഎം ശ്രീ വിഷയത്തില്‍ ആര്‍എസ്എസിന്റെ വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കുവയ്‌ക്കാൻ മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രി മുന്നിട്ടിറങ്ങുന്നത് എന്തിനാണെന്ന് പി പ്രസാദ്‌ ചോദിച്ചു. പദ്ധതി നടപ്പാക്കില്ല എന്നു പറയാൻ ഷംസുദ്ദീന് എന്തുകൊണ്ട്‌ കഴിയുന്നില്ല. ബ്രാൻഡ്‌ അംബാസഡര്‍മാരെപ്പോലെ സംസാരിക്കുകയാണ്‌ യുഡിഎഫ്‌ നേതാക്കളെന്നും അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതിതേടി അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസത്തിന്റെ കൂട്ടക്കൊലയാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് സോണിയ ഗാന്ധി പറഞ്ഞിട്ടുണ്ട്‌. മുന്‍ സര്‍ക്കാര്‍ ധാരണപത്രം ഒപ്പുവച്ചതിനാൽ പദ്ധതിയില്‍നിന്ന് പിന്മാറാനാകില്ല എന്നുപറയുന്നത്‌ തെറ്റാണ്‌. ഭരണഘടന പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കരാറില്‍ ഏര്‍പ്പെടുന്നത് ഗവര്‍ണറുടെയോ രാഷ്‌ട്രപതിയുടേയോ പേരില്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടുകൊണ്ടാണ്. അല്ലാത്ത കരാർ നിയമപ്രാബല്യം ഇല്ലാത്തതും അസാധുവുമാണ്‌.


എംഒയുവിന്റെ കാര്യംപറഞ്ഞ്‌ രക്ഷപ്പെടാനാകില്ല. 2025 മെയ് എട്ടിന് കേന്ദ്ര സെക്രട്ടറി കേരളത്തിനയച്ച കത്തിലും സുപ്രീംകോടതി കേസിലെ സത്യവാങ്മൂലത്തിലും കേരളം ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പ്രസാദ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വക്കീല്‍ വാദിക്കുന്നതിനേക്കാള്‍ അപകടകരമായ വാദങ്ങളാണ് വിദ്യാഭ്യാസമന്ത്രി സഭയില്‍ ഉയര്‍ത്തിയതെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് കെ രാജന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home