print edition പിഎം ശ്രീ ; ആദ്യം കൈയടിച്ചത് കോൺഗ്രസ്

എം പ്രശാന്ത്
Published on Oct 25, 2025, 02:26 AM | 1 min read
ന്യൂഡൽഹി
പിഎം ശ്രീയെ കേരളത്തിൽ എതിർക്കുന്ന കോൺഗ്രസ് മറ്റിടങ്ങളിൽ പദ്ധതിക്കായി കൈയടിക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയത്തോടുള്ള (എൻഇപി) എതിർപ്പും കേരളത്തിൽ മാത്രം.
മറ്റ് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളെല്ലാം എൻഇപിയുമായി മുന്നോട്ടുനീങ്ങുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട ഫണ്ടുകളെല്ലാം കോൺഗ്രസ് ഭരണ സംസ്ഥാനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നുമുണ്ട്. കോൺഗ്രസിൽനിന്ന് വ്യത്യസ്‌തമായി, എൻഇപി അപ്പാടെ നടപ്പാക്കില്ലെന്ന നിലപാടെടുത്തുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചത്.
രാജ്യത്ത് പിഎം ശ്രീയിൽ ആദ്യം ഒപ്പിട്ടത് കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനായിരുന്നു. കോൺഗ്രസ് പ്രവർത്തകസമിതിയംഗം അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരിക്കെ 2022 സെപ്‌തംബർ അഞ്ചിനാണ് ഒപ്പുവച്ചത്. നിലവിൽ 739 സ്‌കൂളുകൾ പിഎം ശ്രീയുടെ ഭാഗമാണ്. പിഎം ശ്രീ പദ്ധതിയിനത്തിൽ 2023–24ൽ 98 കോടി രൂപയും 2024–25ൽ 220 കോടി രൂപയും രാജസ്ഥാന് കേന്ദ്രവിഹിതമായി ലഭിച്ചു.
തൊട്ടുപിന്നാലെ മറ്റൊരു കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഹിമാചലും പിഎം ശ്രീയുടെ ഭാഗമായി. 227 സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 2024–25ൽ കേന്ദ്രത്തിൽനിന്ന് 135.35 കോടി രൂപ പിഎം ശ്രീയിനത്തിൽ ലഭിച്ചു. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന സംസ്ഥാനങ്ങളും പിഎം ശ്രീയുമായി മുന്നോട്ടുപോവുകയാണ്.
ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം കൂടുതൽ സ്‌കൂളുകൾ സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം പിഎം ശ്രീയിലെത്തി. തെലങ്കാനയിൽ 832 സ്‌കൂളാണ് പദ്ധതിയിലുള്ളത്. 2023–24ൽ 239.2 കോടി രൂപയും 2024–25ൽ 268.58 കോടി രൂപയും ഇതുവഴി ലഭിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 655 സ്‌കൂൾ പിഎം ശ്രീയിലുണ്ട്. 2023–24ൽ 30 കോടിയും 2024–25ൽ 141 കോടി രൂപയും കിട്ടി. കോൺഗ്രസ് അധികാരത്തിലെത്തിയശേഷം കേന്ദ്രത്തിൽനിന്നുള്ള പിഎം ശ്രീ വിഹിതം കൂടുകയും ചെയ്തു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാംതന്നെ എൻഇപിയും മടികൂടാതെ നടപ്പാക്കുന്നു. ഇതിനായി 2023ൽത്തന്നെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഉന്നതതലസമിതി രൂപീകരിച്ചു. കരിക്കുലമടക്കം പരിഷ്‌കരിച്ചു. ഛത്തിസ്‌ഗഡും കോൺഗ്രസ് ഭരണകാലത്ത് എൻഇപിക്ക് തുടക്കമിട്ടു. ഹിമാചലും എൻഇപി നടപ്പാക്കിവരികയാണ്. തെലങ്കാനയും കർണാടകവും കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയങ്ങളിൽ പല നിർദേശങ്ങളും കേന്ദ്രനയവുമായി ചേർന്നുപോകുന്നതാണ്.









0 comments