വിഴിഞ്ഞം പുതുകാലഘട്ട വികസനത്തിന്റെ മുഖമുദ്ര: പ്രധാനമന്ത്രി

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖം പുതുകാലഘട്ടത്തിലെ വികസനത്തിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഒരുഭാഗത്ത് അപാരമായ സാധ്യതളുള്ള വിശാലമായ സമദ്രം. മറുവശത്ത് പ്രകൃതി സൗന്ദര്യം വാർന്നൊഴുകുന്ന വിവിധ പ്രദേശങ്ങൾ. ഇതിന് ഇടയിലായി പുതുകാലഘട്ടത്തിലെ വികസനത്തിന്റെ മുഖമുദ്രയായാണ് വിഴിഞ്ഞം തുറമുഖം നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിലൂടെ രാജ്യവും വികസിക്കുമെന്നും പ്രാധാനമന്ത്രി കൂട്ടിച്ചേർത്തു.
8800 കോടി ചിലവഴിച്ചാണ് ഈ തുറമുഖം സ്ഥാപിച്ചിരിക്കുന്നത്. ഇനി ട്രാൻഷിപ്പ്‌മെന്റ് ഹബ്ബ് നിലവിലുള്ള ക്ഷമതയിൽ നിന്ന് മൂന്നിരട്ടിയായി വർധിപ്പിക്കും. അതോടെ ലോകത്തുള്ള വലിയ വലിയ ചരക്കു കപ്പലുകൾക്ക് ഇവിടെ എത്തിച്ചേരാനാകും. ഇത്രയും കാലം ഇന്ത്യയിലെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നിലനിന്നിരുന്നത്. ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരികയാണ്. ഇനി രാജ്യത്തിന്റെ പണം നമുക്ക് തന്നെ പ്രയോജനപ്പെടുത്താം. ഈ പണം കേരളത്തിനും വിഴിഞ്ഞം പോർട്ടിനും അതിലൂടെ ജനങ്ങൾക്കും പുതിയ സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടും. ഇന്ന് നമ്മുടെ മാരിടൈം കപ്പാസിറ്റി, പോർട്ട് സീരീസ്, ഇക്കണോമിക് ആക്‌ടിവിറ്റി എന്നിവയിലെല്ലാം കേരളത്തിന്റെ പങ്ക് മഹത്തരമാണ്.
കേരളം ആഗോള സമുദ്ര മേഖലയുടെ കേന്ദ്രമായി മാറുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യണം. ഇതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കും. കേരളത്തിലെ ജനങ്ങളുടെ കഴിവുകൾ രാജ്യത്തിന്റെ സമുദ്ര മേഖലയെ മുന്നോട്ട് നയിക്കും.
മുൻകാലങ്ങളിൽ കേരളത്തിലുള്ളവർ അറബിക്കടലിലൂടെ ലോകത്താകമാനം കച്ചവടത്തിനായി പോയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയായ ഈ ചാനലിനെ കൂടുതൽ ശാക്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവാൻ കേന്ദ്രസർക്കാർ തായ്യാറെടുക്കുകയാണ്. ഇന്ത്യയിലെ തുറമുഖനഗരങ്ങൾ രാജ്യത്തിന്റെ വികസിത സങ്കൽപ്പത്തിന്റെ പുരോഗതിയുടെ പ്രധാന കേന്ദ്രങ്ങളാണ്– ഉദ്‌ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.









0 comments