വനിതാസംവരണ നിയമം പൂട്ടിവച്ചതിനാണ് മോദി മാപ്പ് ചോദിക്കേണ്ടത്: ബിനോയ് വിശ്വം

തിരുവനന്തപുരം: 2023ൽ പാസാക്കിയ വനിതാസംവരണ നിയമം കോൾഡ് സ്റ്റോറേജിൽ പൂട്ടിവച്ചതിന്റെ പേരിലായിരിക്കണം പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കേണ്ടതെന്നും അല്ലാതെ സ്വന്തം രാഷ്ട്രീയക്കെണി തോൽപിക്കപ്പെട്ടതിന്റെ ജാള്യത മറച്ചുപിടിക്കാൻ വേണ്ടിയാവരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇത്രയുംകാലം കഴിഞ്ഞ് ഡീലിമിറ്റേഷനും സെൻസസുമായി കൂട്ടികെട്ടി ആ നിയമം വീണ്ടും കൊണ്ടുവന്ന് ജനങ്ങളെ ആകെ വഞ്ചിക്കാൻ ശ്രമിച്ചതിന്, വോട്ട് കുത്താൻ വേണ്ടി മാത്രമുള്ള അടിമകളായി മാറ്റാൻ ശ്രമിക്കുന്നതിന്, ബിജെപിയെ നയിക്കുന്ന ആർഎസ്എസിൽ സ്ത്രീകൾക്ക് പ്രാഥമിക അംഗത്വം നിഷേധിക്കുന്ന സ്ത്രീ വിരുദ്ധത മൂടിവച്ചതിന്, ആർഎസ്എസിൽ അംഗത്വം വിലക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി രാഷ്ട്രീയ സേവിക സമിതി ആരംഭിച്ച് അവരെ കബളിപ്പിച്ചതിന്, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന വേളയിൽ രാജ്യത്തെ ഒന്നാമത്തെ പൗരയായ മഹിളയെ അയിത്തം കല്പിച്ച് അകറ്റി നിർത്തിയതിന്, മണിപ്പൂരിലെ സ്ത്രീകളെ തെരുവിൽ നഗ്നരാക്കി വേട്ടയാടിയതിന്, രാജ്യത്തെമ്പാടും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണാനും അവരുടെ മാനഭിമാനങ്ങളെ പിച്ചിച്ചീന്താനും ഫാസിസ്റ്റ് ശൈലിയിലുള്ള ആൺകോയ്മയ്ക്ക് കൂട്ടുനിന്നതിന്, രാഷ്ട്രീയലാഭത്തിന് വേണ്ടി മാത്രമുള്ള കള്ളചൂതിനു കരുക്കൾ മാത്രമായി സ്ത്രീകളെ കാണുന്നതിന്, "ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്ന മനുസ്മൃതിയുടെ പ്രാകൃതരാഷ്ട്രീയം നടപ്പിലാക്കാൻ ശ്രമിക്കുന്നതിന് എല്ലാം മാപ്പ് ചോദിക്കണമെന്ന് ബിനോയ് വിശ്വം ഫെയ്സ്ബുക്കിൽ കുറിച്ചു.










0 comments