print edition പ്ലസ് വൺ പ്രവേശനം: പോർട്ടൽ തുറക്കാൻ വൈകി; ആശയക്കുഴപ്പത്തിന്റെ ഒരു പകൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ഏകജാലക പോർട്ടൽ തുറക്കാൻ വൈകിയത് വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കി.
പ്ലസ് വൺ പ്രവേശനത്തിന് തിങ്കൾമുതൽ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും രാവിലെ പോർട്ടൽ സജ്ജമായിരുന്നില്ല. പ്രവേശന നടപടികൾക്ക് മന്ത്രിസഭയുടെ അംഗീകാരം കിട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കാത്തു നിന്നതാണ് പോർട്ടൽ തുറക്കാൻ വൈകിയത്.
രാവിലെ പത്തിന് തുറക്കേണ്ട പോർട്ടൽ വൈകിട്ട് അഞ്ചിനാണ് സജ്ജമായത്. അലോട്ട്മെന്റ് സമയക്രമം ഉൾപ്പെടെ വിദ്യാർഥികൾക്ക് അറിയാനുള്ള സംവിധാനമാണ് ഏകജാലക പോർട്ടൽ. വൈകിയതോടെ പ്രവേശനത്തിനായി കാത്തിരുന്ന വിദ്യാർഥികൾ ആശങ്കയിലായി.
പോർട്ടൽ തുറക്കാൻ വൈകുമെന്ന ഒരു അറിയിപ്പും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നില്ല. പലരും അധ്യാപകരെ വിവരമറിയിച്ചെങ്കിലും അവർക്കും വ്യക്‌തമായ ധാരണ ഇല്ലായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സമയക്രമം പാലിച്ച് കൃത്യമായി നടപ്പാക്കിയ പ്രവേശന നടപടികളാണ് ആദ്യ ദിനം തന്നെ പാളിയത്.
ജൂൺ മൂന്നുവരെയാണ് ഓൺലൈൻ അപേക്ഷാ സമർപ്പണം. അപേക്ഷിക്കാൻ ഒരാഴ്ച മാത്രമെ സമയമുള്ളു. ഇതിനിടയിൽ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് പ്രവേശന നടപടികൾ വൈകിപ്പിക്കുന്നത് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാക്കും.
വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കിയ കണക്ക് പ്രകാരം 2220 വിദ്യാർഥികളാണ് ഓൺലൈൻ അപേക്ഷ സമർപ്പിച്ചത്. 11,603 പേർ കാൻഡിഡേറ്റ് ലോഗിൻ ചെയ്തുവെങ്കിലും അപേക്ഷ സമർപ്പിച്ചില്ല.
പൊതുവിദ്യാലയത്തിൽ നിന്നുള്ള 2098 വിദ്യാർഥികളും സിബിഎസ്ഇ 98ഉം ഐസിഎസ്ഇ 12ഉം മറ്റുള്ളവർ 12ഉം എന്നിങ്ങനെയാണ് അപേക്ഷിച്ചവരുടെ കണക്ക്. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നുള്ള നാല് പേരും അപേക്ഷിച്ചു.











0 comments