ബന്ധം പിരിഞ്ഞതിലെ പക; യുവതിയേയും മകളെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം കരകുളം ഏണിക്കരയിൽ യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയായ രഞ്ജിത്ത് നിലവിൽ ഒളിവിലാണ്. ആക്രമണത്തിൽ കഴുത്തിൽ കുത്തേറ്റ യുവതി ചഞ്ചൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മദ്യലഹരിയിൽ ചഞ്ചലിന്റെ വീട്ടിലെത്തിയ പ്രതി, കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെയും മകളുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീക്കൊളുത്താനുള്ള ശ്രമത്തിനിടെ പരിഭ്രാന്തരായ ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ പിന്തുടർന്നെത്തിയ രഞ്ജിത്ത് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ചഞ്ചലിന്റെ കഴുത്തിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
എട്ടു വർഷത്തോളമായി രഞ്ജിത്തും ചഞ്ചലും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ രഞ്ജിത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെ രണ്ട് മാസം മുൻപാണ് ചഞ്ചൽ ബന്ധം വേർപെടുത്തി മാറി താമസിക്കാൻ തീരുമാനിച്ചത്. ഈ പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരുവിക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തു.










0 comments