ലക്ഷ്യം കുട്ടികളും തൊഴിലാളികളും; കോഴിക്കോട് 16 കിലോ കഞ്ചാവ് മിഠായികളുമായി ബിഹാർ സ്വദേശി പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും എക്സൈസിന്റെ വൻ ലഹരിമരുന്ന് വേട്ട. കഞ്ചാവ് മിഠായികളുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. കൊളത്തറയിൽ വിൽപനയ്ക്കായി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 16 കിലോയിലധികം കഞ്ചാവ് മിഠായികളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
ബിഹാർ മധുബാനി ജില്ലയിലെ ഝാഞ്ചാചാർപുർ സ്വദേശിയായ അസ്‌ലം അൻസാരി (35) ആണ് എക്സൈസിന്റെ വലയിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. കൊളത്തറ കണ്ണാട്ടിക്കുളം റോഡിലുള്ള ക്രെസെന്റ് ബസാറിലെ ഒരു കെട്ടിടത്തിലാണ് പരിശേധന നടത്തിയത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള ഈ കെട്ടിടത്തിലെ നമ്പർ ഇല്ലാത്ത ഒരു രഹസ്യ മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. 16.220 കിലോഗ്രാം തൂക്കം വരുന്ന 3,140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം ഈ റെയ്ഡിൽ പിടിച്ചെടുത്തത്.
സ്കൂൾ കുട്ടികൾ, യുവാക്കൾ, നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് വൻതോതിൽ വിൽപന നടത്താനാണ് ഈ കഞ്ചാവ് മിഠായികൾ കേരളത്തിലെത്തിച്ചതെന്നാണ് എക്സൈസ് നൽകുന്ന സൂചന. വലിയ തോതിൽ കഞ്ചാവ് മിഠായികൾ നഗരത്തിൽ എത്തിച്ചതിന് പിന്നിൽ വൻ ലഹരിമാഫിയ സംഘങ്ങളുണ്ടെന്നാണ് നിഗമനം.
കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ എസ് ശരത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി ഷാഫി, പ്രിവെന്റീവ് ഓഫീസർമാരായ എൻ എസ് സുനീഷ്, സി പി ഷാജു (ഗ്രേഡ്), ദീൻദയാൽ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ പി അജിത്, വി എസ് ആശിൽദ്, കെ എം പ്രശാന്ത്, പി പി ജിത്തു എന്നിവരും ഈ ലഹരിവേട്ടയിൽ പങ്കാളികളായി.










0 comments