പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ചെക്ക് കേസിൽ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയത്.
ഹർജി തിങ്കളാഴ്ച പരിഗണിക്കും. പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണ് എന്നും പരാതിക്കാരൻ ഹർജിയിൽ ആരോപിക്കുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിയെന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നു. എന്നാൽ വിഷയത്തിൽ സ്പീക്കർ നടപടിയെടുത്തില്ലെന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാക്കുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പന് തടയണമെന്നും ആവശ്യപ്പെട്ടു.
മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്. മുംബൈ വ‍്യവസായിയുടെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ ശിക്ഷിച്ചത്. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.










0 comments