ഇരുട്ടിലായി മന്ത്രി, സംസാരിക്കുന്നതിനിടെ പവർകട്ട്; പ്രസംഗം നിർത്തി സണ്ണി ജോസഫ് മടങ്ങി

സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ കറന്‍റ് പോകുന്നു
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവെ പവർകട്ടിൽ കുടുങ്ങി വൈദ്യുതി മന്ത്രി സണ്ണി ജോസഫും. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനത്തിനിടെയാണ് സംഭവം. സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കറന്റ് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു.
വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം അണിയുന്നത് പോലെയാണെന്ന് എ കെ ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം പറയുകയും അത് പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കറന്റ് പോയത്. ഇതോടെ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് മന്ത്രി മടങ്ങുകയായിരുന്നു. കറന്റ് പോയതോടെ ചൂട് അസഹനീയമായതിനെ തുടർന്ന് മടങ്ങിയതെന്നാണ് വിവരം.
ഇത് വൈദ്യുതി നിയന്ത്രണം അല്ല, ചെറിയൊരു ഫെയിലിയർ ആയിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനം ഒന്നാകെ പ്രതിസന്ധി നേരിടുമ്പോൾ നിയന്ത്രണം അനിവാര്യമാണ് ഇനിയും സഹകരിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ തന്റെ പക്കൽ അത്ഭുത പ്രവർത്തികൾ ഒന്നുമില്ലെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വിച്ച് ഇടുന്ന പോലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്നുമായിരുന്നു വാദം. വൈകീട്ട് 6 മുതൽ 12.45 വരെയാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. സമയം പറയാതെ രാത്രിയിൽ കറന്റ് പോകുന്നതിനിടെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനും പ്രസംഗിക്കുന്നതിനിടെ പവർകട്ടിൽ കുടുങ്ങിയിരുന്നു.










0 comments