പാലക്കാട് നഗരസഭയിൽ വന്ദേമാതരം മുഴുവനായി പാടി; പ്രതിഷേധിച്ച് പ്രതിപക്ഷം

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു. സാധാരണ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചിരുന്ന പതിവിൽ നിന്ന് മാറിയാണ് മുഴുവൻ ചരണങ്ങളും പാടിയത്.
പൂർണരൂപം ആലപിക്കുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ കൗൺസിലിൽ പ്രതിപക്ഷം അനുമതി തേടിയെങ്കിലും ചെയർമാൻ അനുവദിച്ചില്ല. ഇതിനെച്ചൊല്ലി അംഗങ്ങൾ തമ്മിൽ വാക്കുതർക്കവും തള്ളിക്കയറ്റവും ഉണ്ടായി. തർക്കത്തിനിടെ വർഗീയ ചുവയുള്ള പരാമർശമുണ്ടായെന്ന പരാതിയും ഉയർന്നതോടെ കൗൺസിൽ ഹാളിൽ പ്രതിഷേധം ശക്തമായി.
വന്ദേമാതരത്തിന്റെ പൂർണരൂപം പൊതുവേദികളിൽ ആലപിക്കണമെന്നത് ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ ദീർഘകാലമായി മുന്നോട്ടുവയ്ക്കുന്ന നിലപാടാണ്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ ഈ വിഷയത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. 1937ൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി, രവീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ആദ്യ രണ്ട് ചരണങ്ങൾ മാത്രം പൊതുവേദികളിൽ ഉപയോഗിക്കണമെന്ന നിലപാടിലെത്തി. പിന്നീടുള്ള ചരണങ്ങളിൽ ദുർഗ, ലക്ഷ്മി തുടങ്ങിയ ഹിന്ദു ദേവതാസങ്കൽപ്പങ്ങൾ ഉൾപ്പെടുന്ന മതപരമായ ബിംബങ്ങളുണ്ടെന്നും ബഹുമത സമൂഹത്തിൽ അവ എല്ലാവർക്കും സ്വീകാര്യമാകില്ലെന്നുമായിരുന്നു അതിന് പിന്നിലെ കാരണം.
എന്നാൽ സമീപകാലത്ത് പൂർണ വന്ദേമാതരം ഔദ്യോഗിക വേദികളിലേക്ക് വ്യാപിപ്പിക്കുന്ന നീക്കം ശക്തമായി. ആർഎസ്എസിന്റെ അജൻഡ നടപ്പാക്കുന്നതിന് കേരളം സർക്കാരും പച്ചക്കൊടിയാണ് കാണിക്കുന്നത്. കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചിരുന്നു. അതിനെ ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങളിലും പൂർണരൂപം ആലപിച്ചു സംസ്ഥാന സര്‍ക്കാര്‍.
ആറന്മുള ഉത്രട്ടാതി ജലോത്സവം ഉൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികളിലും മുഴുവൻ വന്ദേമാതരം ആലപിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വവും പഴയ നിലപാടിൽ നിന്ന് മാറിയിട്ടുണ്ട്. 1937ലെ പ്രവർത്തകസമിതി തീരുമാനത്തിന് വിരുദ്ധമായി എഐസിസി ആസ്ഥാനത്തും അടുത്തിടെ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു.










0 comments