ഭാര്യയേയും മൂന്ന് പെൺമക്കളെയും ക്രൂരമായി തലയ്ക്കടിച്ചുകൊന്നു; യുവാവിനായി തെരച്ചിൽ

ജയ്പൂർ: ഭാര്യയെയും മൂന്ന് പെൺമക്കളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ജയ്പൂരിലെ കർധാനിയിലാണ് സംഭവം. രാഹുൽ ഝാ എന്നയാളാണ് ഭാര്യ ഗീത, മക്കളായ നന്ദിനി (23), രാധിക (18), 14 വയസ്സുള്ള ഇളയ മകൾ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്.
രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ , പ്രായമായ പിതാവിന് ചായ ഉണ്ടാക്കി നൽകിയ ശേഷമാണ് യുവാവ് കടന്നുകളഞ്ഞത്. ഭാരമുള്ള കല്ല് ഉപയോഗിച്ച് ഇവരുടെ തലയിലും മുഖത്തും ക്രൂരമായി അടിക്കുകയായിരുന്നു. സംഭവത്തിൽ ഡിസിപി പ്രശാന്ത് കിരണിന്റെ നേതൃത്വത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം പോലീസ് അറിയുന്നത്. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ഒന്നാം നിലയിലെ മുറിയിൽ ഗീതയുടെ മൃതദേഹവും, താഴത്തെ നിലയിലെ രണ്ട് മുറികളിലായി മൂന്ന് പെൺമക്കളുടെ മൃതദേഹങ്ങളും കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കല്ല് പൊലീസ് സംഭവസ്ഥലത്തുനിന്ന് വീണ്ടെടുത്തു.
കൊലപാതകം നടത്തിയ ശേഷവും പ്രതി സാധാരണ പോലെയാണ് പെരുമാറിയത്. രാവിലെ 7 മണിയോടെ ഇയാൾ, പ്രായമായ തന്റെ പിതാവ് ലക്ഷ്മിനാഥിന് ചായ ഉണ്ടാക്കി നൽകിയ ശേഷമാണ് വീടുവിട്ട് കടന്നുകളഞ്ഞത്. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും കേസിൽ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.









0 comments