ഐഡിഎസ്എഫ്എഫ്കെ: ആഫ്രിക്കൻ ജീവിതത്തിന്റെ വൈവിധ്യങ്ങളുമായി ഏഴു ഹ്രസ്വചിത്രങ്ങൾ

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ 'ആഫ്രിക്കൻ ഷോർട്‌സ്' പാക്കേജിന്റെ ക്രോസിംഗ്‌സ് വിഭാഗത്തിൽ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. എത്യോപ്യ, സെനഗൽ, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹ്രസ്വചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്. ആഫ്രിക്കൻ വൻകരയുടെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളും സാംസ്‌കാരിക പൈതൃകവും സ്ത്രീജീവിതവും അനാവരണം ചെയ്യുന്ന ചിത്രങ്ങളാണിവ.
കെബേന നദിയുടെ കഥയിലൂടെ നിർബന്ധിത വിവാഹം, വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ, ജലലഭ്യത എന്നിവയുമായി ബന്ധപ്പെട്ട് എത്യോപ്യൻ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അന്വേഷിക്കുകയാണ് 'ദ റിവർ'. സിംഹവേഷമണിഞ്ഞ പുരുഷന്മാർ സബാർ വാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന സിംബ് ഉൽസവത്തിലേക്ക് ഒളിച്ചുകടക്കുന്ന അസാൻ എന്ന ബാലന്റെ അനുഭവങ്ങളാണ് 'ഫോ ലയൺ' എന്ന ചിത്രത്തിന്റെ പ്രമേയം. സ്വന്തം വേരുകൾ തേടി ഘാനയിലേക്ക് മടങ്ങിയത്തെുന്ന ഒരു ഘാന- അമേരിക്കൻ യുവതിയുടെ ആത്മസംഘർഷങ്ങൾ അവതരിപ്പിക്കുകയാണ് 'നോട്ട്‌ലെസ്'. പ്രണയനഷ്ടവും വേദനയും അതിജീവിച്ച് സ്വന്തം ജീവിതം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ കഥയാണ് 'ഹാർട്ട്‌ബ്രേക്ക്‌സ് ആൻഡ് ഓഷ്യൻ വേവ്‌സ്'. കോളനിവൽക്കരണം ആത്മീയ ആചാരങ്ങളിൽ വരുത്തുന്ന മാറ്റങ്ങളാണ് 'ഡിപ്പാർട്ടിങ്' പ്രമേയമാക്കുന്നത്. യൊറൂബ ആചാരങ്ങൾ കോളനിവൽക്കരണത്തിന് വിധേയമായി പാശ്ചാത്യവൽക്കരിക്കപ്പെടുന്നതും തനത് ആത്മീയ ബന്ധം നഷ്ടപ്പെടുന്നതും ദൃശ്യവത്കരിക്കുകയാണ് ഹ്രസ്വചിത്രം.
തെറാപ്പിക്ക് വിധേയനാകുന്ന ഡോം എന്ന യുവാവ് വർഷങ്ങൾക്കു ശേഷം ക്രിസ്മസ് അവധിക്കാലത്ത് തന്റെ പെൺമക്കളോടൊപ്പം ചെലവഴിക്കുന്ന ഒരു ദിവസത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ. പകർത്തുകയാണ് 'ഹാപ്പി മീൽ'. നൈജീരിയ വിട്ട് വിദേശത്തേക്ക് പോകുന്ന മോമോ എന്ന പെൺകുട്ടിയുടെ അവസാന ദിനവും കുടുംബബന്ധങ്ങളുടെ ആഴവും പ്രമേയമാക്കിയ ചിത്രമാണ് 'ലീവിങ് ഇക്കൊറോഡു ഇൻ 1999'.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്തംബർ 25 മുതൽ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കുന്നതിന് registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റർ ചെയ്യാം. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 590 രൂപയും വിദ്യാർഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷൻ നടത്താം.









0 comments