മൂടൽമഞ്ഞിൽനിന്ന് വെള്ളം; ദോഫാറിൽ പുതിയ പരീക്ഷണം

മസ്‌കത്ത് : ഖരീഫ് സീസണിൽ ദോഫാറിൽ പുതിയ പരീക്ഷണവുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. ഗവർണറേറ്റിലെ പർവതങ്ങളിൽ രൂപപ്പെടുന്ന മൂടൽമഞ്ഞിൽനിന്ന് ജലം സംഭരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. അന്തരീക്ഷത്തിൽനിന്ന് എത്രത്തോളം ഈർപ്പം പിടിച്ചെടുക്കാൻ കഴിയുമെന്ന് അളക്കാൻ ശേഖരണ സംവിധാനങ്ങൾ സ്ഥാപിച്ചാണ് പഠനം. ഇതിനായി ഗവർണറേറ്റിലെ ഒമ്പത് സ്ഥലങ്ങളിലായി 12 ഫോഗ്-ക്യാച്ചിങ് സംവിധാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
ജലസ്രോതസ്സിന്റെ വൈവിധ്യവൽക്കരണം പിന്തുണയ്‌ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് മന്ത്രാലയത്തിലെ കൃത്രിമ മഴ മെച്ചപ്പെടുത്തൽ കേന്ദ്രം ഡയറക്‌ടർ ഖാലിദ് ബിൻ സലേം അൽ ഹൂട്ടി പറഞ്ഞു. പാരമ്പര്യേതര ജലസ്രോതസ്സുകളെക്കുറിച്ച് പഠിക്കാനും ആധുനിക സാങ്കേതികവിദ്യകളും ലഭ്യമായ പ്രകൃതിവിഭവങ്ങളും ഉപയോഗപ്പെടുത്തി ജല സുസ്ഥിരത വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗംകൂടിയാണ് പദ്ധതി. മൂടൽമഞ്ഞിലുള്ള ജലകണികകൾ പിടിച്ചെടുത്ത് ഉപയോഗയോഗ്യമായ ജലമാക്കി മാറ്റുന്നതിലാണ് പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യക്ക് താരതമ്യേന കുറഞ്ഞ ഊർജ ആവശ്യകതയുണ്ട്. ഖരീഫ് സീസണിൽ ദോഫാർ പർവതങ്ങൾ ഉൾപ്പെടെ മൂടൽമഞ്ഞ് പതിവായി സംഭവിക്കുന്ന പ്രദേശങ്ങളിൽ ഇത് പഠനത്തിന് യോഗ്യമാക്കുന്നു.
ഫോഗ്-ക്യാച്ചിങ് സംവിധാനം വെള്ളം ശേഖരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മൂടൽമഞ്ഞുമായി ബന്ധപ്പെട്ട വിവിധ കാലാവസ്ഥാ, ഭൂപ്രകൃതി ഡാറ്റ നിരീക്ഷിക്കുന്നുവെന്നും അൽ ഹൂട്ടി പറഞ്ഞു. മൂടൽമഞ്ഞിന്റെ സ്വഭാവസവിശേഷതകളും വിളവെടുക്കാൻ കഴിയുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കുന്ന പ്രകൃതിദത്തവും കാലാവസ്ഥാ ഘടകങ്ങളും തമ്മിലുള്ള ബന്ധം പഠിക്കാനും ഗവേഷകരെ പ്രാപ്തരാക്കും. ഖരീഫ് സീസണിലുടനീളം സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഇക്കോടൂറിസം നയത്തിനും മരുഭൂമീകരണം ചെറുക്കാനുള്ള ദേശീയ തന്ത്രത്തിന്റെ പുരോഗതിക്കും അംഗീകാരം നൽകി. നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം, നിർമിത ബുദ്ധി, സൈബർ സുരക്ഷ, ഊർജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിവിധ അന്താരാഷ്ട്ര കരാറുകൾക്കും അംഗീകാരം നൽകി.










0 comments