ad
Deshabhimani

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിൽ മോദി - പുടിൻ കൂടിക്കാഴ്ച: ഉഭയകക്ഷി ചർച്ച തുടങ്ങി

modi putin brics delhi

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 05:05 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ്ജ സഹകരണം എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തുകയാണ്. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളിലൊരാളാണ് റഷ്യ.


ഈ വർഷം രണ്ടാം തവണയാണ് പുടിൻ - മോദി കൂടിക്കാഴ്ച നടക്കുന്നത്. ആ​ഗസ്തിൽ ബിഷ്‌കെക്കിൽ നടന്ന 26ാമത് എസ്‍സിഒ ഉച്ചകോടിക്കിടെയായിരുന്നു ആദ്യ കൂടിക്കാഴ്ച. 2025 ഡിസംബറിൽ ഇന്ത്യ-റഷ്യ ഉച്ചകോടിക്കായായാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശനം നടത്തിയത്. 2022 ഫെബ്രുവരിയിൽ ഉക്രെയിനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ആദ്യമായാണ് റഷ്യയ്ക്ക് പുറത്ത് നടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നത്.


ഉന്നതതല സംഘത്തോടൊപ്പമാണ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിൽ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ പുരോ​ഗതി വിലയിരുത്തും. കൂടാതെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ചർച്ചയും നടക്കും.


2026ലെ ബ്രിക്സ് ഉച്ചകോടിയിൽ അധ്യക്ഷപദവി വഹിക്കുന്നത് ഇന്ത്യയാണ്. സെപ്തംബർ 12, 13 തിയതികളിൽ ന്യൂഡൽഹിയിലാണ് ഉച്ചകോടി നടക്കുന്നത്. 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ബ്രിക്സ് അംഗരാജ്യങ്ങൾ, പങ്കാളിത്ത രാജ്യങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home