തെറ്റായ പ്രവണതകള്‍ തിരുത്താൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യും: എം വി ഗോവിന്ദൻ

കോഴിക്കോട്: മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ കടന്നുവരാനിടയുള്ള തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിന് ആവശ്യമായ പദ്ധതികൾ സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ആസൂത്രണം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും. പാർടി വിദ്യാഭ്യാസവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർടി സംഘടനാ പ്രവർത്തനം അത് ലക്ഷ്യം വെക്കുന്ന നിലപാടുകളിലൂടെ മുന്നോട്ട് നയിക്കാൻ, വന്ന പോരായ്മകൾ തിരുത്താൻ, പ്രദേശിക തലത്തിൽ രൂപപ്പെട്ട് വരുന്ന പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ ഗൗരവപൂർവ്വമായ ഇടപെടൽ താഴെ തലം മുതൽ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വർഗീയതയും അരാഷ്‌ട്രീയവാദവും ഉൾപ്പെടെയുള്ള വലതുപക്ഷ ആശയങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്‌ട്രീയത്തെ കൂടുതൽ ശക്തമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും എന്നതാണ് പ്രധാനപ്പെട്ട കാര്യം. പുതിയ സാമൂഹ്യ സാഹചര്യത്തിൽ പാർടി പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കണമെന്ന കാര്യമാണ് ചർച്ച ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം. വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേലകളെ പ്രതിരോധിക്കുന്നതിന് പാർടിയുടെ മാധ്യമ സംവിധാനങ്ങളെ ശക്തിപ്പെടുത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.










0 comments