print edition ദുരിതമേറ്റിയത് ആസൂത്രണപ്പിഴവ്; വീഴ്ച തന്നെ

ആറന്മുള വല്ലന ടികെഎംആർഎം വിഎച്ച്‌എസ്‌എസ് ക്യാമ്പിൽ തറയിൽ കിടക്കുന്ന 92 വയസ്സുള്ള എഴിക്കാട് ഉന്നതിയിലെ അന്നമ്മ. ഭക്ഷണം പോലും കൃത്യമായി ലഭിച്ചില്ലെന്നാണ് ക്യാമ്പിലുള്ളവർ പറയുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം ഇരട്ടിപ്പിച്ചത് സര്‍ക്കാര്‍ ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ച. മിന്നൽ പ്രളയ മുന്നറിയിപ്പുണ്ടായിട്ടും ആവശ്യമായ ഒരുക്കം നടത്തിയില്ലെന്ന് മാത്രമല്ല, മുന്നറിയിപ്പ് വിവരം ജനങ്ങളിലേക്ക് എത്തിക്കാനും തയ്യാറായില്ല. ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കുന്നതിലും സൗകര്യം ഏർപ്പെടുത്തുന്നതിലും വീഴ്‌ചയുണ്ടായി. ദുരന്തനിവാരണത്തിന് മറ്റ് വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും സർക്കാർ പൂര്‍ണ പരാജയമായി. മുഖ്യമന്ത്രിയുടെയോ റവന്യൂമന്ത്രിയുടെയോ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുമുണ്ടായില്ല. ഏകോപനവും ആസൂത്രണവും കലക്ടർമാരുടെമാത്രം ചുമതലയായി. സെക്രട്ടറിയറ്റിൽ ദുരന്തനിവാരണത്തിന് ഉദ്യോഗസ്ഥതലത്തിൽ ഏകോപന സംവിധാനവുമൊരുക്കിയില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 31ന് പകൽ മൂന്നിന് തീവ്രമഴ മുന്നറിയിപ്പ് നൽകിയിരുന്നു. മിന്നൽപ്രളയ സാധ്യതകളുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളും അറിയിപ്പിൽ വ്യക്തമാക്കി. ഓറഞ്ച് അലർട്ടാണ്(തീവ്രമഴ) പ്രഖ്യാപിച്ചതെന്നും രാത്രി വൈകിയാണ് റെഡ് അലർട്ട് (അതിതീവ്രമഴ) നൽകിയതെന്നുമാണ് അലംഭാവത്തിന് ന്യായീകരണമായി മുഖ്യമന്ത്രി പറഞ്ഞത്. അപകട സാധ്യതാ മേഖലകളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനടക്കം നടപടി സ്വീകരിക്കണമെന്നാണ് ഓറഞ്ച് അലർട്ടിലൂടെ ഉദ്ദേശിക്കുന്നത്. അതിതീവ്ര മഴയും മിന്നൽ പ്രളയസാധ്യതയുമുള്ള പ്രദേശങ്ങളിൽനിന്ന് മുൻകൂട്ടി ആളുകളെ ഒഴിപ്പിക്കാത്തത് ദുരിതം ഇരട്ടിപ്പിച്ചു.
മഴ ദുരിതം വിതച്ച് നാലാംനാൾമാത്രം നടത്തിയ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും സർക്കാരിന്റെ പിഴവ് തുറന്നുകാട്ടി. ചുരുങ്ങിയ സമയംകൊണ്ടുണ്ടായ വലിയ മഴയാണ് ദുരന്തത്തിനു കാരണമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ചുരുങ്ങിയ സമയംകൊണ്ടുള്ള വലിയ മഴ കേരളത്തിൽ ആദ്യമല്ല. കുറച്ചുവർഷങ്ങളായി ഇതാണ് സ്ഥിതി. മേഘവിസ്‌ഫോടനത്തിന് സമാനമായ മഴ മുൻവർഷങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെവിടെയും മേഘവിസ്‌ഫോടനം സ്ഥിരീകരിച്ചിട്ടില്ല. ഒരു പ്രദേശത്ത് മണിക്കൂറിൽ 100 മില്ലി ലിറ്ററിലധികം മഴ പെയ്യുന്നതിനെയാണ് മേഘവിസ്‌ഫേ-ാടനമായി കണക്കാക്കുക.
ആസൂത്രണം ഏതൊക്കെ രീതിയിലാകണമെന്നതുൾപ്പെടെ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്കിലെ നിർദേശവും പാലിച്ചില്ല. മുഖ്യമന്ത്രിയോ റവന്യൂ മന്ത്രിയോ ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി സാഹചര്യം വിശകലനവും ചെയ്‌തില്ല. യാത്രയ്‌ക്കിടയിൽ ഫോണിൽ നിർദേശം നൽകിയെന്നാണ് മുഖ്യമന്ത്രിതന്നെ അവകാശപ്പെടുന്നത്.










0 comments