ആസൂത്രണ ബോർഡിലെ സ്ഥലംമാറ്റം
print edition കോടതിയലക്ഷ്യ ഹർജി ഇന്ന് ട്രൈബ്യൂണലിൽ


സ്വന്തം ലേഖകൻ
Published on Jul 28, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സ്ഥലംമാറ്റങ്ങളിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദേശം നിരന്തരം ലംഘിച്ച് ആസൂത്രണ ബോർഡ്. ജീവനക്കാരെ നിലവിലെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റുന്നത് തുടരുകയാണ്. ട്രൈബ്യൂണൽ ഉത്തരവ് ലംഘിച്ചതിനെതിരെ ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. ഇതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ ആസൂത്രണബോർഡ് നിയമവകുപ്പിനോട് ഉപദേശം തേടിയിട്ടുണ്ട്.
2017ലെ ഉത്തരവ് പ്രകാരം ആസൂത്രണ ബോർഡിൽ എല്ലാ വർഷവും കൃത്യമായി പൊതുസ്ഥലംമാറ്റമുണ്ട്. എന്നാൽ സംസ്ഥാനത്ത് ഭരണമാറ്റം വരുമെന്നായതോടെ അതെല്ലാം അട്ടിമറിക്കപ്പെട്ടു. സർവീസിലുള്ളവരെ പിരിച്ചുവിടുന്ന ഉത്തരവിറക്കി ചരിത്രം സൃഷ്‌ടിച്ചു. അതും ട്രൈബ്യൂണൽ തിരുത്തി. പൊതുസ്ഥലംമാറ്റമുണ്ടാകാത്തതിനെതിരെ ഏതാനും ജീവനക്കാർ ജൂൺ ആദ്യം ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ സർക്കാരിനോട് വിശദീകരണം തേടിയ ട്രൈബ്യൂണലിന് ലഭിച്ച മറുപടി സ്‌പാർക്കിലെ സാങ്കേതിക തകരാറാണ് കാരണമെന്നായിരുന്നു.
ഇത് അംഗീകരിച്ച് ഒരുമാസത്തിനകം പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്ന് ജൂലൈ എട്ടിന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ജൂലൈ എട്ടു കഴിഞ്ഞതോടെ സമയപരിധി കഴിഞ്ഞതായി കണക്കാക്കിയ ആസൂത്രണബോർഡ്, ജീവനക്കാരെ തലങ്ങും വിലങ്ങും ഓടിക്കാനുള്ള പട്ടിക തയ്യാറാക്കി. ഇതറിഞ്ഞ ജീവനക്കാർ മുൻ പൊതുസ്ഥലംമാറ്റം ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് ജൂലൈ 20ന് ട്രൈബ്യൂണലിൽ പോയി.
ഉത്തരവിറങ്ങിയില്ലെങ്കിലും ഇറങ്ങിയെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. 21ന് രാവിലെ ഉത്തരവിറങ്ങിയതിനുപിന്നാലെ അപ്പീൽ പരിഗണിച്ച ട്രൈബ്യൂണൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ സർക്കാരിനോടാവശ്യപ്പെട്ടു.
സ്ഥലംമാറ്റപ്പെട്ട സി എം സുധീഷ്‌കുമാർ, എ പ്രദീഷ് എന്നിവരെ തൽസ്ഥാനത്ത് നിലനിർത്താനും ഉത്തരവിട്ടു. തനിക്ക് ചുമതല തിരിച്ചുനൽകാത്തതിനെതിരെ പ്രദീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് തിങ്കളാഴ്‌ച ട്രൈബ്യൂണൽ പരിഗണിച്ചത്. സർക്കാർ അഭിഭാഷകന്റെ അഭ്യർഥന പ്രകാരമാണ് ചൊവ്വാഴ്‌ചയിലേക്ക് മാറ്റിയത്.










0 comments